ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : അസ്ട്രാസെനെക്ക കുത്തിവയ്പ്പ് സ്വീകരിച്ച ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതിയില്ല. യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അംഗീകാരമില്ലാത്ത വാക്സീൻ സ്വീകരിച്ച അമ്പത് ലക്ഷത്തോളം പേരാണ് യുകെയിൽ ഉള്ളത്. 4120Z001 , 4120Z002 , 4120Z003 എന്നീ മൂന്ന് അസ്ട്രാസെനെക്ക വാക്സിൻ ബാച്ച് നമ്പറുകൾ ഉള്ളവരെയാണ് തടയുന്നത്. ഡിജിറ്റൽ കോവിഡ് പാസ്പോർട്ടുകളിൽ ബാച്ച് നമ്പർ പരിശോധിക്കുമ്പോൾ ഈ നമ്പർ കാണപ്പെടുകയാണെങ്കിൽ തുടർന്ന് യാത്ര ചെയ്യാൻ തടസ്സം നേരിട്ടേക്കാം. ഓരോരുത്തരുടെയും ബാച്ച് നമ്പർ ഏതാണെന്നു പരിശോധിക്കുന്നത് നല്ലതാണ്. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച സമയത്ത് ലഭ്യമായ വാക്സീൻ കാർഡിൽ ബാച്ച് നമ്പർ ഉണ്ടാവും. എൻ എച്ച് എസ് ആപ്ലിക്കേഷനിലൂടെയും പരിശോധിക്കാം. ഇതിനായി ‘ഗെറ്റ് യുവർ എൻ എച്ച് എസ് കോവിഡ് പാസ്സ്’ ക്ലിക്ക് ചെയ്യുക.

 

അതേസമയം അവകാശവാദങ്ങൾ തീർത്തും അസത്യമാണെന്നാണ് സർക്കാരിന്റെ വാദം. അന്താരാഷ്ട്ര അവധി ദിനങ്ങളിലേയ്ക്കുള്ള പാതയിലാണെന്ന് രാജ്യമെന്നും അതിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. രണ്ട് ഡോസ് വാക്സീൻ പൂർത്തിയാക്കിയവർക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഈയാഴ്ച ആദ്യം അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന ബ്രാൻഡായ കോവിഷീൽഡ് വാക്സിനുകൾ യുകെയിൽ നൽകിയിട്ടില്ലെന്ന് നമ്പർ 10 വക്താവ് അറിയിച്ചു. “യുകെയിൽ നൽകിയിരിക്കുന്ന എല്ലാ അസ്ട്രാസെനെക്ക വാക്സിനുകളും ഒരേ ഉൽപ്പന്നമാണ്. അവ എൻ‌എച്ച്‌എസ് കോവിഡ് പാസിൽ വാക്‌സെവ്രിയ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നു. യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഈ വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ യാത്രയെ ബാധിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ ഉപയോഗിക്കുന്ന എല്ലാ ഡോസുകളും മെഡിസിൻ റെഗുലേറ്റർ എം‌എച്ച്‌ആർ‌എയുടെ കർശനമായ സുരക്ഷയ്ക്കും ഗുണനിലവാര പരിശോധനകൾക്കും വിധേയമാണെന്നും വ്യക്തിഗത ബാച്ച് ടെസ്റ്റിംഗും ഫിസിക്കൽ സൈറ്റ് പരിശോധനയും നടത്തപ്പെടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.