ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 16 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരെ ഐസൊലേഷനിൽ നിന്നൊഴിവാക്കി സർക്കാർ. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ജീവനക്കാർ കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും ഐസൊലേഷനിൽ കഴിയേണ്ടതില്ലെന്ന് സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു. ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവുകൾ ബാധകം. ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ലഭിക്കുകയാണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.
പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച തൊഴിലാളികൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് സർക്കാർ അറിയിച്ചു. ജൂലൈ 14 വരെയുള്ള ആഴ്ചയിൽ 600,000 ത്തിലധികം ആളുകളോട് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടതിനാൽ സർക്കാരിന് വളരെയധികം ആശങ്കയുണ്ടെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് പറഞ്ഞിരുന്നു. തൊഴിലാളികളുടെ പേര് ലിസ്റ്റുചെയ്തിട്ടുള്ള കത്ത് സർക്കാരിൽ നിന്ന് തൊഴിലുടമയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഇളവ് ലഭിക്കൂ എന്ന് സർക്കാർ തൊഴിലാളികളോട് അറിയിച്ചിട്ടുണ്ട്.
കോവിഡ് രോഗിയുമായി അടുത്ത ബന്ധമുള്ളവർ അത്യാവശ്യമെങ്കിൽ മാത്രമേ ജോലിക്ക് പോകാവൂ. തങ്ങളുടെ ജീവനക്കാരുടെ അഭാവം ബിസിനസിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് തൊഴിലുടമകൾ വിശ്വസിക്കുന്നുവെങ്കിൽ സർക്കാർ വകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു. എൻഎച്ച്എസ്, പോലീസ്, സൂപ്പർമാർക്കറ്റുകൾ തുടങ്ങി നിരവധി മേഖലകളിൽ ‘പിംഗ്ഡെമിക്’ എന്ന് വിളിക്കപ്പെടുന്ന സ്റ്റാഫ് ക്ഷാമം ഉണ്ടാകുന്നെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ബിസിനസ്, വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. നിർണായക തൊഴിലാളികൾക്ക് ഇളവുകൾ നൽകുമെന്ന് സർക്കാർ തിങ്കളാഴ്ച സ്ഥിരീകരിച്ചു. റെയിൽവേ സിഗ്നലർമാരെയും എയർ ട്രാഫിക് കൺട്രോളറുകളെയും ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
Leave a Reply