ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിൽ ക്യാഷ് മെഷീനുകളിലൂടെ പണം പിൻവലിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ക്യാഷ് മെഷീനുകളിലെ വിത്ത്‌ഡ്രോവൽ സ്ലോട്ടുകൾ മറച്ചുവെച്ച് ജനങ്ങളുടെ പണം തട്ടുന്ന സംഘം ശക്തമായി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഫുട്ടേജുകൾ പുറത്തുവന്നതിനെ തുടർന്നാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പണം പിൻവലിക്കുന്നതിനും, നിക്ഷേപിക്കുന്നതിനും വെവ്വേറെ സ്ലോട്ടുകളുള്ള മെഷീനിന്റെ, പണം പിൻവലിക്കാനുള്ള സ്ലോട്ട് മറച്ചുവെയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇതുമൂലം പണം പിൻവലിക്കാൻ ശ്രമിക്കുന്ന കസ്റ്റമർക്ക് പണം ലഭിക്കാതെ വരുമ്പോൾ മെഷീൻ പ്രവർത്തനരഹിതമാണെന്ന ധാരണയിൽ അവർ തിരിച്ചു പോകും. ഈ സമയം മറച്ചുവെച്ച വിത്ത്‌ഡ്രോവൽ സ്ലോട്ടിൽ എത്തിയിരിക്കുന്ന പണം തട്ടിപ്പുകാർ കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഈ സമയമത്രയും തങ്ങൾക്ക് പണം നഷ്ടപ്പെട്ടതായി കസ്റ്റമർ അറിയുന്നില്ല.

സോഷ്യൽ മീഡിയയിൽ ഒരു ടിക് ടോക് യൂസർ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി വെളിവാക്കിയിരിക്കുന്നത്. എന്തുകൊണ്ട് തനിക്ക് പണം ലഭിക്കുന്നില്ലെന്ന് വീഡിയോയിൽ ഹസൻ മഹമൂദ് എന്ന കസ്റ്റമർ ചോദിക്കുന്നുണ്ട്. എന്നാൽ പിന്നീട് ഈ കസ്റ്റമർ പ്ലാസ്റ്റിക് കൊണ്ട് മൂടിവെയ്ക്കപ്പെട്ട സ്ലോട്ട് കണ്ടെത്തുകയും, അതിൽ തന്റെ പണം കണ്ടെത്തുകയും ചെയ്യുന്നതായാണ് വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്. നേഷൻ വൈഡ് ബിൽഡിങ് സൊസൈറ്റിയുടെ ക്യാഷ് പോയിന്റിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി വീഡിയോയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് മറ്റ് ക്യാഷ് മെഷീനുകളിലും സംഭവിക്കാവുന്നതാണ്. പണം പിൻവലിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന നിർദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. പണം പിൻവലിക്കാൻ ശ്രമിച്ചിട്ട് ലഭിച്ചില്ലെങ്കിൽ ഉടൻതന്നെ തങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചുമായി ജനങ്ങൾ ബന്ധപ്പെടണമെന്ന് ഇൻഡസ്ട്രി ബോഡി യുകെ ഫിനാൻസ് വ്യക്തമാക്കി. എന്തെങ്കിലും തരത്തിൽ തട്ടിപ്പ് കണ്ടെത്തുന്ന ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.