ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- യുഎസിലെമ്പാടും ഡെൽറ്റ വേരിയന്റ് മൂലമുള്ള കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് മാസ്കുകൾ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഡെൽറ്റ വേരിയന്റിനെ പ്രതിരോധിക്കുന്നതിൽ തുണി കൊണ്ടുള്ള മാസ്കുകൾ ഫലപ്രദമല്ലെന്നാണ് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നത്. നിലവിലുള്ള ഭൂരിഭാഗം മാസ്കുകളും രോഗപ്രതിരോധത്തിന് സഹായിക്കില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് റിസർച്ച് മേധാവിയും എപ്പിഡെമൊളോജിസ്റ്റുമായ മൈക്കിൾ ഓസ്റ്റർഹോം സി എൻ എന്നിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ക്ലോത്ത് മാസ്ക് ഉപയോഗിക്കുമ്പോൾ, അന്തരീക്ഷത്തിലുള്ള ഏറോസോൾ കൂടി തുണി ക്കിടയിലൂടെ ശ്വസിക്കുന്ന വ്യക്തിയ്ക്ക് ലഭിക്കും. ഇന്ന് ആളുകൾ മാസ്ക്കായി ഉപയോഗിക്കുന്ന പലതും വൈറസിനെ പ്രതിരോധിക്കുന്നതിൽ ഒരു പങ്കും വഹിക്കുന്നില്ല. ക്ലോത്ത് മാസ്ക്കുകൾ ഉപയോഗിക്കുന്നവർക്ക് ചുറ്റുമുള്ളവയുടെ മണം പോലും കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. ഇത് ഇത്തരത്തിലുള്ള മാസ്ക്കുകളുടെ പോരായ് മയായാണ് ചൂണ്ടികാണിക്കുന്നത്.


ഡെൽറ്റ വേരിയന്റ് പോലുള്ളവയെ പ്രതിരോധിക്കുവാൻ ജനങ്ങൾ ശരിയായ തരത്തിലുള്ള, ശരിയായ മെറ്റീരിയൽ ഉപയോഗിച്ചുള്ള മാസ്ക്കുകൾ ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്കോട്ട് ഗോട്ട്ലൈബ് ജൂലൈ 25ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മാസ്ക് ധരിക്കുന്ന എല്ലാവരും എൻ 95 അല്ലെങ്കിൽ കെ എൻ 95 മാസ്ക്കുകൾ ധരിക്കണമെന്ന് അദ്ദേഹം കർശനമായി നിർദേശിച്ചിരുന്നു. മാസ്ക് ധരിക്കണമെന്ന നിബന്ധന മൂലം എന്ത് ധരിച്ചാലും പ്രതിരോധമുണ്ടാകുമെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെയുള്ള ചിന്തകളും ചില ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. ക്ലോത്ത് മാസ്കുകൾക്കും ഡെൽറ്റ വേരിയന്റിനെ പ്രതിരോധിക്കാനാകുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ഫിസിഷ്യൻ ജിൽ ഫോർസ്റ്റർ വിശ്വസിക്കുന്നു.

യു എസിൽ പുതിയതായി സ്ഥിരീകരിക്കുന്ന 82 ശതമാനം കേസുകളും ഡെൽറ്റ വേരിയന്റ് മൂലമുള്ളതാണ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശമാണ് ആരോഗ്യവിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കൃത്യമായ തരത്തിലുള്ള മാസ്ക്കുകൾ ധരിക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. എൻ 95 അല്ലെങ്കിൽ കെ എൻ 95 മാസ്കുകൾ ആണ് ഫലപ്രദം എന്നാണ് ഭൂരിഭാഗം ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്.