ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മങ്കിപോക്സ് അണുബാധ ഇംഗ്ലണ്ടിൽ താമസിക്കുന്ന വ്യക്തിയിൽ കണ്ടെത്തിയതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വെളിപ്പെടുത്തി. നൈജീരിയയിൽ നിന്നും വന്ന വ്യക്തിയിലാണ് അണുബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ലണ്ടനിലുള്ള ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റിൽ പ്രവേശിപ്പിച്ചു. മങ്കിപോക്സ് ആളുകൾക്കിടയിൽ വേഗം പടരില്ലെന്നും പൊതുജനങ്ങൾക്കുള്ള അപകടസാധ്യത വളരെ കുറവാണെന്നും യുകെഎച്ച്എസ്എ പറഞ്ഞു. രോഗബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്.

1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.