ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സംഘത്തിലുള്ള ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും, പ്രധാനമന്ത്രി സെൽഫ് ഐസൊലേഷനിൽ കഴിയില്ല എന്നാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. പ്രധാനമന്ത്രിയോടൊപ്പം സ്കോട്ട്‌ലൻഡിലേക്ക് യാത്രചെയ്ത ടീമിലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സന്ദർശനത്തിനിടെ ടീമിലെ ഒരാൾ പോസിറ്റീവായെങ്കിലും പ്രധാനമന്ത്രി തന്റെ സന്ദർശനം തുടരുകയായിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി യോടൊപ്പം യാത്രചെയ്ത സംഘത്തിലെ ഭൂരിഭാഗംപേരും സെൽഫ് ഐസൊലേഷനിൽ കഴിയേണ്ടതാണ്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസൊലേഷന് വിധേയമാകില്ല എന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചിട്ടുണ്ട്.

ഈ ആഴ്ചയാണ് പ്രധാനമന്ത്രിയും സംഘവും സ്കോട്ട്ലൻഡിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. എത്രത്തോളം സാമൂഹിക അകലം സംഘം പാലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 16 മുതൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർ, കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും സെൽഫ് ഐസലേഷനിൽ കഴിയേണ്ടാവശ്യമില്ല എന്ന നിയമം പ്രാബല്യത്തിൽ വരും. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരാൻ ഇനിയും 10 ദിവസം ബാക്കി നിൽക്കെ, പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എൻഎച്ച്എസിന്റെ മറുപടി ഇനിയും ലഭ്യമായിട്ടില്ല. കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പ്രധാനമന്ത്രി ഐസൊലേഷനിലായിരുന്നു. ആദ്യം പ്രധാനമന്ത്രിയും ചാൻസലർ റിഷി സുനകും സെൽഫ് ഐസൊലേഷനിൽ കഴിയില്ല എന്ന തീരുമാനമാണ് ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ പിന്നീട് ജനരോഷത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം മാറ്റിയത്.


കഴിഞ്ഞ പ്രാവശ്യത്തെ അനുഭവം കൊണ്ട് പ്രധാനമന്ത്രി പാഠം പഠിച്ചിട്ടില്ലെന്നും, ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ലേബർ പാർട്ടി നേതാവ് അന്നെലീസ് ഡോഡ് സ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സ്കോട്ട്‌ലൻഡ് യാത്രയ്ക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ എത്തിയിട്ട് തന്നെ സന്ദർശിക്കാതെ പോയതിലുള്ള അമർഷം സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയോൻ അറിയിച്ചിട്ടുണ്ട്.