ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ടെസ്റ്റ് കിറ്റുകൾ വൈകി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ബൂട്സ് കമ്പനി അധികൃതർ. വൈകിയ റിസൾട്ടുകൾക്ക് പണം തിരിച്ചു നൽകാത്ത കമ്പനികളുടെ പട്ടികയിൽ ബൂട്സിനെ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കമ്പനി കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ തുടക്കത്തിൽ ബൂട്സുൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വൈകി ലഭിക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് പണം മടക്കി നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രീൻ ലിസ്റ്റിലും, ആമ്പർ ലിസ്റ്റിലും ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർ, രാജ്യത്തെത്തി രണ്ടുദിവസത്തിനകം കോവിഡ് ടെസ്റ്റുകൾ നടത്തണമെന്ന നിബന്ധനയുണ്ട്. ഇതോടൊപ്പം തന്നെ ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിൻ എടുക്കാത്ത യാത്രക്കാർ, എട്ടാമത്തെ ദിവസം രണ്ടാമതൊരു ടെസ്റ്റ് കൂടി ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം ടെസ്റ്റുകൾ എല്ലാം തന്നെ യാത്രക്കാർ സ്വന്തം പണം ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ഈ നിയമങ്ങൾ പാലിക്കാത്തവരിൽ നിന്നും 2000 പൗണ്ട് വരെ പിഴ ഈടാക്കാമെന്നും ഗവൺമെന്റ് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗവൺമെന്റ് തന്നെ ഇത്തരം ടെസ്റ്റുകൾക്കായി തിരഞ്ഞെടുക്കപ്പെട്ട കുറച്ചധികം കമ്പനികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം കമ്പനികളെല്ലാം തന്നെ യാത്രക്കാരെ ചൂഷണം ചെയ്യുന്നെന്ന ആരോപണം കഴിഞ്ഞദിവസങ്ങളിൽ ഉയർന്നിരുന്നു. എൻഎച്ച്എസ് ജീവനക്കാരായ റിച്ചാർഡ് ക്ലോറ്റനും ഭാര്യയും കുടുംബത്തെ സന്ദർശിക്കാനായി സ്പെയിനിലേക്കുള്ള തങ്ങളുടെ യാത്രയ്ക്ക് ശേഷം മടങ്ങിവന്നപ്പോൾ 150 പൗണ്ട് മുടക്കി രണ്ട് ടെസ്റ്റ് കിറ്റുകൾക്കായി ഓർഡർ ചെയ്തിരുന്നു . എന്നാൽ ഇതിൽ ഒരു ടെസ്റ്റ് കിറ്റ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും, ഇത് ആറുദിവസം വൈകിയാൽ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ മോശമായ അവസ്ഥയിലുമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ഈ കുടുംബം പരാതിപ്പെട്ടു. എന്നാൽ ഈ കുടുംബത്തിന് റീഫണ്ട് നൽകുവാൻ ബൂട്സ് കമ്പനി വിസമ്മതിച്ചിരുന്നു.

ഇതോടൊപ്പം തന്നെ മറ്റൊരു കമ്പനിയായ ആട്രൂചെക് സ് തങ്ങൾക്കെതിരെ മോശമായ രീതിയിൽ ഫീഡ്ബാക്കുകൾ നൽകുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണി ഉയർത്തിയതായുള്ള പരാതികളും വന്നിട്ടുണ്ട്. വളരെ മാന്യമായ തരത്തിൽ കമ്പനിയുടെ മോശം സർവീസിനെതിരെ പ്രതികരിച്ചപ്പോഴും ഭീഷണിയുടെ സ്വരത്തിലുള്ള ഈമെയിലുകൾ ആണ് തനിക്ക് ലഭിച്ചത് എന്ന് മറ്റൊരു കസ്റ്റമർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ കമ്പനികൾക്കെതിരെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ മാസങ്ങളിലായി ഉയർന്നു വന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രൈവറ്റ് കമ്പനികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ഡിപ്പാർട്ട്മെന്റ് ഹെൽത്ത് ആൻഡ് സോഷ്യൽ അധികൃതർ അറിയിച്ചു. ഇതോടൊപ്പംതന്നെ കിറ്റുകൾക്കായി അമിതവില ഈടാക്കുന്ന 19 കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാനും ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടണിലെത്തുന്ന യാത്രക്കാരെ ചൂഷണം ചെയ്യുവാൻ ഒരു കമ്പനിയെയും അനുവദിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.