ഐ. എം. വിജയൻ

എത്ര വലിയ ആളായാലും ഭൂതകാലത്തെ കൈവിടുന്ന ശീലം ഐ എം വിജയനില്ല. സംസാരിച്ചു തുടങ്ങിയാൽ ആദ്യം എത്തുന്നത് കോലോത്തുംപാടവും അമ്മയും നാട്ടിലെ ചങ്ങാതിമാരും ഒക്കെയാണ്. ഇവരെ മറന്നുകളഞ്ഞുള്ള ആഘോഷം ഐ. എം.വിജയനില്ല. കാറ്റ് നിറച്ചൊരു പന്തിന്റെ പുറകെ പാഞ്ഞ ബാല്യം. ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്നു. എന്നാൽ ശ്രദ്ധ മുഴുവൻ മൈതാനത്തുരുളുന്ന പന്തിലായിരുന്നു. അയിനിവളപ്പിൽ മണി വിജയന്റെ ലോകം ഒരു പന്തിലേക്ക് ചുരുങ്ങിയിരുന്നു. ആ ആവേശമാണ് അദ്ദേഹം നെഞ്ചിലേറ്റിയത്; ആ ഊർജമാണ് വലയിലേക്ക് ഗോൾ മഴയായി പെയ്തിറങ്ങിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറിയത് ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ്. ധാരാളം പേർ നീട്ടികൊടുത്ത പാസ്സ് സ്വീകരിച്ചാണ് ജീവിതത്തിൽ മുന്നേറിയത്. ഓണത്തെക്കുറിച്ച് പറയുമ്പോൾ കോലോത്തുംപാടത്തെ കൊച്ചു കുട്ടിയാകും വിജയൻ. കളിജീവിതത്തെക്കാൾ ഉപരിയായി ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഐ. എം. വിജയൻ, മലയാളംയുകെയിൽ.

വിജയനും ഓണവും

‘ഐ എം വിജയൻ’ ആകുന്നതിനു മുമ്പുള്ള ഓണം ആയിരുന്നു യഥാർത്ഥ ഓണം. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ വരുമ്പോഴാണ് വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കാറ്. അന്നൊക്കെ ഒപ്പമുള്ള കൂട്ടുകാരുമൊത്ത് വീട്ടിൽ പൂക്കളം ഇടാനായി പൂ പറിക്കാൻ പോകും. അടുത്തുള്ള വീടുകളിൽ നിന്നൊക്കെ പൂ പറിച്ചുകൊണ്ട് വന്ന് പൂക്കളം ഇടും. പേരും പ്രശസ്തിയുമായി കഴിഞ്ഞപ്പോൾ ഓണം സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഒന്നായി മാറി. റെഡിമെയ്ഡ് ഓണം എന്ന് പറയുന്നതാവും ഉചിതം. പത്തുതരം കറികളും മൂന്നു തരം പായസവും എല്ലാം രുചികരമായി കിട്ടും. എന്നാൽ എനിക്ക് ഓണമെന്ന് പറഞ്ഞാൽ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണമാണ്. നാട്ടിൽ അത്തം മുതൽ 10 ദിവസവും ഓണാഘോഷമാണ്. ഉറക്കമില്ലാത്ത ദിനങ്ങളാണ്. അമ്മൂമ്മമാരും അച്ചച്ചന്മാരും പെങ്ങമ്മാരും എല്ലാവരും ചേർന്നാണ് ഓണക്കളി കളിക്കുന്നത്. ഇന്ന് കാലം മാറി. അതനുസരിച്ചു ആളുകളും മാറി.

പോലീസിലേക്ക്

പതിനെട്ടാം വയസ്സിൽ പോലീസിൽ സ്ഥിരം ജോലി കിട്ടി. പോലീസിൽ കയറിയ സമയത്തും ഓണത്തിന് അവധി കിട്ടി വീട്ടിൽ എത്താൻ കഴിയും. 1991ൽ ആണ് ഞാൻ കൊൽക്കത്തയിലെത്തിയത്. കൊൽക്കത്തയിൽ ഉള്ള സമയത്ത് സത്യേട്ടനും (പി. വി. സത്യൻ) സുരേഷും ജോ പോളും ഒക്കെ ചേർന്ന് ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുണ്ട്.

പ്രവാസി സുഹൃത്തുക്കളുടെ ഓണാഘോഷം

ഓണം ശരിയായ രീതിയിൽ ആഘോഷിക്കുന്നത് പ്രവാസികളാണ്. ഞാൻ യുകെയിൽ രണ്ടു തവണ പോയിട്ടുണ്ട്. അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവർ അയക്കുന്ന വീഡിയോയിൽ ഓണാഘോഷം ഇങ്ങനെ നിറഞ്ഞു നിൽക്കും. മാവേലി, പുലിക്കളി, ചെണ്ടമേളം, തിരുവാതിരകളി തുടങ്ങിയവയെല്ലാം അവിടെ ഉണ്ട്.

കാണികളിൽ നിന്നുള്ള ഊർജം

എന്നെ ഐ. എം. വിജയൻ ആക്കിയത് കാണികളാണ്. അവരാണ് നമ്മുടെ എനർജി. അവർ മോശം എന്ന് പറഞ്ഞാൽ നമ്മൾ മോശമാണ്. അവർ മികച്ചതെന്ന് പറഞ്ഞാൽ നമ്മൾ മികച്ചതാണ്. നമ്മുടെ വളർച്ച അവരിൽ നിന്നാണ്. അവരാണ് നമ്മുടെ ബലം.

കോലോത്തുംപാടത്തെ ഓണം

ഞങ്ങൾ ആഘോഷിക്കുന്നത് നാലോണം ആണ്. അതിൽ പുലികളി ഉണ്ടാവും. തൃശൂരിൽ ജനിച്ചത് എന്റെ ഭാഗ്യമാണ്. പുലികളിക്ക് വേഷം ഇട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഞങ്ങളുടെ ആഘോഷം അതൊക്കെ ആയിരുന്നു. മണിച്ചേട്ടനുമായുള്ള (കലാഭവൻ മണി ) ബന്ധം പറഞ്ഞാൽ തീരില്ല. എന്നെ അനിയാ എന്നാണ് വിളിക്കുക. ഞാൻ മണിഭായ് എന്ന് വിളിക്കും. മണിച്ചേട്ടന്റെ മരണം വല്ലാത്തൊരു പ്രയാസമായിരുന്നു. അതൊക്കെയാണ് ഇന്നും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്.

കോവിഡ് കാലത്തെ ഓണം

കോവിഡ് പ്രതിസന്ധിയുടെ നടുവിൽ നിന്നുള്ള രണ്ടാമത്തെ ഓണമാണ് ഇത്. കായിക മത്സരങ്ങളിലേക്ക് വരികയാണെങ്കിൽ ഒളിമ്പിക്സ്, കോപ്പ അമേരിക്ക എന്നിവ ഇത്തവണ കാണികൾ ഇല്ലാതെയാണ് നടത്തപ്പെട്ടത്. യഥാർത്ഥത്തിൽ കാണികളാണ് കളിക്കാരന്റെ ഊർജം. ഓണാഘോഷവും ഈ പ്രതിസന്ധിയിലാണ്. ഒന്നിച്ചു കൂടാനും പഴയ രീതിയിൽ ആഘോഷിക്കാനും നമുക്ക് കഴിയുന്നില്ല. എന്നാൽ ഇതൊക്കെ മാറും. അതാണ് നമ്മുടെ പ്രതീക്ഷ. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – റ്റിജി തോമസ്, ഷെറിൻ പി യോഹന്നാൻ

 

കുടുംബവുമൊത്തുള്ള സെൽഫി

ഐ എം വിജയൻെറ കളിക്കളത്തിലെ ചില മുഹൂർത്തങ്ങൾ