ന്യൂസ് ഡെസ്ക് മലയാളം യുകെ
സ് കോട്ട്‌ലൻഡ് : സ് കോട്ട്‌ലൻഡിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ നടപ്പാക്കില്ലെന്നാണ് ഗവൺമെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മാത്രം 6835 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സ് കോട്ട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയോൻ അറിയിച്ചു. തൊട്ടുമുൻപുള്ള ദിവസത്തെക്കാളും 1910 കേസുകൾ അധികമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ്ബാധ ആരംഭിച്ചതുമുതൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം കേസുകളുടെ എണ്ണം രണ്ടിരട്ടിയായാണ് സ് കോട്ട്‌ലൻഡിൽ വർദ്ധിച്ചിരിക്കുന്നത്.
ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, കേസുകൾ വർദ്ധിക്കുന്നതിനുള്ള കാരണം ഇത് മാത്രമല്ലെന്ന് സ്റ്റർജിയോൻ വ്യക്തമാക്കി. ജൂലൈ മാസത്തിൽ സ് കോട്ട്‌ലൻഡിൽ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം ആരംഭത്തിൽ തന്നെ വീണ്ടും ഇത് വർദ്ധിക്കുന്നതിന് ഇടയായി. വർധിച്ചുവരുന്ന കേസുകളുടെ എണ്ണം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന സാഹചര്യത്തിലാണ് എത്തിനിൽക്കുന്നത്. എന്നാൽ ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന നിലപാടിലാണ് സ്കോട്ട്‌ലൻഡ് പ്രഥമ മന്ത്രി. സാഹചര്യങ്ങൾ കൂടുതൽ വിലയിരുത്തി മാത്രമേ തീരുമാനങ്ങൾ ഉണ്ടാകുകയുള്ളുവെന്നും അവർ വ്യക്തമാക്കി. യുകെയിലെമ്പാടും കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും, സ് കോട്ട്‌ലൻഡിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് സ്കൂളുകൾ നേരത്തെ തുറന്നത് കൂടുതൽ സമ്പർക്കം ഉണ്ടാകുന്നതിനു ഇടയാക്കിയതായും സ്റ്റർജിയോൻ വ്യക്തമാക്കി.
ഇന്നലെ മാത്രം 479 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 47 ഓളം പേർ ഇപ്പോഴും ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൗമാരക്കാരിലും വാക്സിൻ വിതരണം ഉടനടി പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഈ സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. സ് കോട്ട്ലൻഡിലെ സ്കൂളുകളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം അമിത തോതിൽ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നു വന്നിരിക്കുന്നത്. 40 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനം പേരും, 30 മുതൽ 39 വയസ്സ് വരെയുള്ളവരിൽ 70 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 18 മുതൽ 29 വയസ്സ് വരെയുള്ള പ്രായക്കാർക്കിടയിൽ, 74 ശതമാനം പേർ ആദ്യ ഡോസ് മാത്രമാണ് എടുത്തിരിക്കുന്നത്. 16 മുതൽ 17 വയസ്സുള്ളവർക്ക് അടുത്തിടെയാണ് വാക്സിൻ ലഭ്യമാക്കുവാൻ ആരംഭിച്ചത്. ഇതിൽ 44 ശതമാനം പേർ മാത്രമാണ് ആദ്യ ഡോസ് എടുത്തിരിക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും, കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യണമെന്നും, പൊതു സ്ഥലത്ത് നിഷ്കർഷച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് നിക്കോള സ്റ്റർജിയോൻ നൽകിയത്. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നത് വീണ്ടും ഒരു സമ്പൂർണ്ണ ലോക് ഡൗൺ നടപ്പിലാക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് അവർ ഓർമ്മപ്പെടുത്തി.
Leave a Reply