ഷിബു മാത്യൂ

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനീകരുടെ നേരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് മറുപടി പറഞ്ഞ ഇന്ത്യയുടെ നിലപാടിനെ യുകെയിലെ പാക്കിസ്ഥാന്‍ വംശജരുടെ രൂക്ഷ വിമര്‍ശനം. പാകിസ്ഥാന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന യുകെയുടെ പ്രധാന നഗരങ്ങളായ ബര്‍മ്മിംഗ്ഹാം, മാഞ്ചെസ്റ്റര്‍, ഡെര്‍ബി, ബ്രാര്‍ഡ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തും ഇന്ത്യാക്കാരോടുള്ള പാക്കിസ്ഥാനികളുടെ സമീപനം പ്രകോപനപരമായിരുന്നു. പാകിസ്ഥാനികളുടെ  അധീനതയില്‍ ഉള്ളതും അവര്‍ ജോലി ചെയ്യുന്നതുമായ ടെയ്‌കെവേകളിലും ബാര്‍ബര്‍ഷോപ്പുകളിലും ഓഫ് ലൈസന്‍സ് ടാക്‌സി സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലുമാണ് പ്രധാനമായും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യക്കാര്‍ പാക്കിസ്ഥാനികളുമായി കൂടുതല്‍ ഇടപഴകുന്നതും ഈ മേഖലകളിലാണ്. ഒരു ഇന്ത്യന്‍ വംശജനാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഇന്ത്യയുടെ നിലപാടിനെ അതിനീചമായ രീതിയില്‍ അവര്‍ സംസാരിച്ചു തുടങ്ങും. കാലങ്ങളായിട്ട് നേരിട്ടറിയാവുന്നവരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരുമായിട്ടുള്ളവരുമാണെങ്കില്‍ പോലും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ ഉന്നയിക്കുക. ഒരു പരിധിവരെ മൗനംപാലിക്കുന്നവര്‍ പോലും താനേ പ്രതികരിച്ചു പോകുമെന്ന് ബര്‍മ്മിംഗ്ഹാമില്‍ നിന്നുള്ള നിഷാ പട്ടേല്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോഴുണ്ടായ തന്റെ അനുഭവത്തില്‍ നിന്നു പറഞ്ഞു.

വെസ്റ്റ് യോര്‍ക്ഷയറിലെ ബാര്‍ബര്‍ ഷോപ്പില്‍ ഇന്ന് മുടി വെട്ടാനെത്തിയ  (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത) മലയാളിക്കുണ്ടായ  അനുഭവം തികച്ചും ഭീതിജനകമായിരുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം പരിചയമുള്ള പാകിസ്ഥാനികള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനെത്തിയത് രാവിലെ പത്തു മണിക്ക്. മൂന്നു ജോലിക്കാരും ഒരു ട്രെയിനിയുമുള്‍പ്പെടെ നാല് പേര്‍ ഷോപ്പിലുണ്ട്. മുടിവെട്ടുന്നതിനാവശ്യമായ ഡ്രസ്സുകള്‍ ധരിപ്പിച്ച് ജോലി ആരംഭിച്ച ഉടനെ ബാര്‍ബര്‍ ആദ്യം സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. ‘ ഭയ്യാ, ഇന്ത്യാ വാലാ ബഹുത് ഹറാമിയാര്‍ ‘ ഇന്ത്യാക്കാര്‍ വളരെ കുഴപ്പക്കാരാണ് എന്നര്‍ത്ഥം. സാധാരണ മുടി എങ്ങനെയാണ് വെട്ടേണ്ടത് എന്നതായിരുന്നു ആദ്യ ചോദ്യം. പക്ഷേ ഈ ചോദ്യത്തില്‍ തന്നെ കസ്സേരയില്‍ ഇരുന്നമലയാളി തെല്ലുമൊന്നു പരിഭ്രമിച്ചു. പിന്നീടങ്ങോട്ടുള്ള അരമണിക്കൂര്‍ ഇന്ത്യയെ ചീത്ത പറയുക മാത്രമാണ് അയാള്‍ ചെയ്തത്. ബാക്കി മൂന്നു പേരും അതിനെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുകയും ചെയ്തു. കത്രികയും ബ്ലേഡും ഉള്‍പ്പെട്ട പണിയായുധങ്ങള്‍ കഴുത്തിന് ചുറ്റും വെച്ച് ആക്രോശിക്കുന്നത് ഭീതിയോടെ കേട്ട് മൂളുക മാത്രം ചെയ്ത അയാള്‍ക്ക് എത്രയും വേഗം സ്ഥലം വിടുക എന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് മലയാളം യുകെയോട് പറഞ്ഞു. ഇന്ത്യയെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ കുടിയേറ്റത്തിന്റെ മൂന്നും നാലും തലമുറയിലുള്ള ഇക്കൂട്ടര്‍ക്കുള്ളൂ. അതില്‍ കൂടുതല്‍ യാതൊരു അറിവും ഇന്ത്യാ പാക് ബന്ധത്തേക്കുറിച്ച് ഇവര്‍ക്കില്ല. ഒടുവില്‍ നമ്മള്‍ പിടിച്ച ഹിന്ദുസ്ഥാന്‍ വൈമാനികനെ സമാധാനമുദ്രയായി മോചിപ്പിക്കുന്നുവെന്ന് പാര്‍ലമെന്റില്‍ ഉറക്കെ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും ചീത്ത വിളിയും ഇക്കൂട്ടര്‍ ആരംഭിച്ചു.

ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ തകരാറിലായാല്‍ ഒരു വംശീയ കലാപം പൊട്ടി പുറപ്പെടാനുള്ള സാധ്യത തള്ളിക്കളായാനാകില്ല എന്ന് കഴിഞ്ഞ ദിവസം യുകെയിലുണ്ടായ സംഭവവികാസങ്ങള്‍ തെളിയ്ക്കുന്നു.