ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ബ്രിട്ടീഷ് പുരുഷന്മാരും ബ്രിട്ടീഷ് സ്വദേശിയുടെ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വെളിപ്പെടുത്തി. ഐ. എസ് നടത്തിയ ഇരട്ട ചാവേർ ആക്രമണത്തിൽ 13 യു. എസ് സൈനികർ ഉൾപ്പെടെ 170 ആളുകൾ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുകയാണ്. “കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും മറ്റൊരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.” റാബ് ഇന്നലെ വെളിപ്പെടുത്തി. “ഇതൊരു വലിയ ദുരന്തമാണ്. ഇവർ നിരപരാധികളും. അവരുടെ പ്രിയപ്പെട്ടവരെ യുകെയിലെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചപ്പോഴാണ് ദുരന്തം നടന്നത്.” റാബ് കൂട്ടിച്ചേർത്തു. ” ഈ ആക്രമണം അഫ്ഗാനിസ്ഥാനിലുള്ളവർ അഭിമുഖീകരിക്കുന്ന അപകടങ്ങളുടെ തീവ്രതയെ ഉയർത്തിക്കാട്ടുന്നു. ഇത് മൂലമാണ് ആളുകളെ ഒഴിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്. അവരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ കോൺസുലർ പിന്തുണ വാഗ്ദാനം ചെയ്യുന്നു.” അദ്ദേഹം ഉറപ്പ് നൽകി.
മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു വ്യക്തിയെ എയർഫീൽഡിലേക്ക് മാറ്റി വൈദ്യസഹായം നൽകിയ ശേഷം യുകെയിൽ എത്തിച്ചു. യുകെ കുടുംബവുമായി ബന്ധമുള്ള അഫ് ഗാൻ കുട്ടി പരിക്കേറ്റ് കാബൂളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “ഇന്നത്തെ ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബങ്ങളോടും അവരുടെ പ്രിയപ്പെട്ടവരോടും കൂടെയാണ്.” ബോറിസ് ജോൺസൻ അറിയിച്ചു. അഫ് ഗാനിസ്ഥാനിൽ നിന്ന് ശേഷിക്കുന്ന യോഗ്യരായ ആളുകളെ ഒഴിപ്പിക്കാൻ യുകെ സർക്കാർ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ദാരുണമായ മരണങ്ങൾ ഒഴിവാക്കാൻ അവശേഷിക്കുന്നവരെ നാം അടിയന്തിരമായി സഹായിക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചു.
അതേസമയം വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിന്റെ തിരിച്ചടി നൽകിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായും ലക്ഷ്യമിട്ടവരെ വധിച്ചതായും അമേരിക്ക വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ജോ ബൈഡൻെറ ഉത്തരവിലായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം നടത്തിയവരോട് പകരം വീട്ടുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ.എസ് കേന്ദ്രങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്.
Leave a Reply