വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും ആറുമാസത്തെ ഇടവേള എടുക്കാൻ ഒരുങ്ങി ഹാരി-മേഗൻ രാജ ദമ്പതികൾ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും എവിടെപ്പോയാലും തങ്ങളെ പിന്തുടരുന്ന പത്ര-ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകളിൽനിന്നും രക്ഷപ്പെടുന്നതിനും വേണ്ടിയാണ് അവധി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്ന് രാജകുടുംബം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി താൻ അനുഭവിക്കുന്ന വൈകാരിക സമ്മർദ്ദങ്ങളെ കുറിച്ച് ഒരു ഡോക്യുമെന്ററിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു മേഗൻ. ഡോക്യുമെന്ററി ഇന്നുമുതൽ സംപ്രേഷണം ചെയ്തു തുടങ്ങും.

ഭർത്താവ് ഹാരിയോടും മകൻ ആർച്ചിയോടും ഒപ്പം സൗത്താഫ്രിക്കൻ യാത്രയിലാണ് മേഗൻ ഇപ്പോൾ. രാജ ദമ്പതികളുടെ യാത്രയ്ക്കൊപ്പം തന്നെയാണ് ഡോക്യുമെന്ററിയുടെ ഷൂട്ട് പുരോഗമിക്കുന്നത്. മാധ്യമങ്ങളുടെ ഒളിഞ്ഞു നോക്കലുകൾക്കിടയിൽ അമ്മയായി ജീവിക്കുക എന്നത് യാതന പൂർണമായ അനുഭവമായിരുന്നു എന്ന് അവതാരകൻ ബ്രാഡ്ബൈയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഗൻ പറയുന്നു.

തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് നിരന്തരമായി കടന്നുകയറുന്ന ചില മാധ്യമങ്ങൾക്കെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ് രാജ ദമ്പതികൾ. മേഗൻ തന്റെ അച്ഛന് അയച്ച കത്ത്‌ ഈയടുത്ത് ദ് മെയിൽ എന്ന പത്രം പുറത്തുവിട്ടിരുന്നു. വോയിസ് മെയിലുകൾ ചോർത്തുന്നു എന്ന ആരോപണം ചില പത്രങ്ങൾക്കെതിരെ ഹാരിയും ഉന്നയിച്ചിട്ടുണ്ട്.

നവംബർ പകുതിവരെ ഔദ്യോഗിക ചടങ്ങുകൾ ഉള്ളതിനാൽ അതിനു ശേഷമാകും രാജകുടുംബം ഇടവേളയിലേക്ക് നീങ്ങുക എന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ കാലയളവിൽ ആവും മകൻ ആർച്ചിയുടെ ആദ്യ ക്രിസ്മസ് എന്നതുകൊണ്ട് കൂടിയാവാം നവംബറിന് ശേഷം ഉള്ള മാസങ്ങൾ അവധിക്കായി തെരഞ്ഞെടുക്കാൻ രാജകുടുംബത്തെ പ്രേരിപ്പിച്ചത്.