കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്നതിനിടെ യുഡിഎഫിലേക്ക് പോകാനാണ് താൽപര്യമെന്ന് അറിയിച്ച് ജനപക്ഷം നേതാവും മുൻഎംഎൽഎയുമായ പിസി ജോർജ്. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും താൽപര്യമെന്നും പിസി ജോർജ് പറഞ്ഞു. കോൺഗ്രസിലെ നിലവിലെ പ്രശനങ്ങൾ തീർന്നാൽ ഉടൻ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും പിസി ജോർജ് പറഞ്ഞു.
കോൺഗ്രസിലെ പുതിയ മാറ്റങ്ങൾ ജനാധിപത്യത്തിന് ഗുണകരമാണ്. പാർട്ടിക്ക് ഉള്ളിലെ ജനാധിപത്യ ചർച്ചകൾക്ക് ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്ത് വന്നത്. പുതിയ ഭാരവാഹികൾ കോൺഗ്രസ് പാരമ്പര്യം ഉള്ളവർ തന്നെയാണ്. ഇപ്പോഴത്തെ പൊട്ടിത്തെറി ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല, എന്നാൽ ചില സത്യങ്ങൾ പറയുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടവർ തിരിച്ച് വന്നേക്കുമെന്നും പിസി ജോർജ് പറഞ്ഞു. കെസി വേണുഗോപാലിനെതിരെയുള്ള വിമർശനം കുശുമ്പു കൊണ്ടാണ്. അദ്ദേഹം എഐസിസിയുടെ ഉയർന്ന തലത്തിൽ എത്തിയതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും പിസി ജോർജ് പറഞ്ഞു.
കൂടാതെ, താൻ ഒരുവട്ടം കൂടി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. ഒരു തവണ കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഭാഗമായേക്കും, അല്ലെങ്കിൽ താൻ പേടിച്ച് ഓടിയെന്ന് പറയും. അതിന് ശേഷം മത്സര രംഗത്ത് നിന്ന് വിട്ട് നിൽക്കുമെന്നും പിസി ജോർജ് പറഞ്ഞു.
Leave a Reply