കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 12-കാരന്‍ മരിച്ചു. കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.

വിവരമറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി കോഴിക്കോടെത്തിയാല്‍ ഉടന്‍ ഉന്നതതല യോഗം ചേരും. കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള വഴി മധ്യേ തൃശൂര്‍ വെച്ചാണ് ആരോഗ്യ മന്ത്രി കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു.