യുകെയിൽ ഇന്ധന പ്രതിസന്ധി. രാജ്യത്തുടനീളം 341 പെട്രോൾ സ്റ്റേഷനുകളുള്ള ഇജി ഗ്രൂപ്പ്, ഇന്ധനത്തിനായുള്ള അഭൂതപൂർവമായ ആവശ്യം കാരണം ഉപഭോക്താക്കൾക്ക് 30 പൗണ്ട് പരിധി ഏർപ്പെടുത്തി. മറ്റൊരു പ്രമുഖ വിതരണക്കാരായ ബിപി 50 മുതൽ 100 വരെ സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഗ്രേഡ് ഇന്ധനം തീർന്നതായും 20 ഓളം പമ്പുകൾ വെള്ളിയാഴ്ച അടച്ചതായും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
സ്റ്റേഷനുകളിൽ “വർദ്ധിച്ച ഡിമാൻഡ്” ഷെല്ലും റിപ്പോർട്ട് ചെയ്തു, പല ഡ്രൈവർമാരും പമ്പുകളിൽ സാധാരണയേക്കാൾ നീണ്ട ക്യൂ അനുഭവപ്പെടുന്നതായി സാക്ഷ്യപ്പെടുത്തുന്നു. പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ധാരാളം പേർ പങ്കുവെക്കുന്നുണ്ട്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന നിലാപാടിലാണ് സർക്കാർ. വെള്ളിയാഴ്ച രാത്രി “അടിയന്തിര പ്രശ്നങ്ങൾ ഒഴിവാക്കാൻ താൽക്കാലിക നടപടികൾ പരിഗണിയ്ക്കുന്നു“ എന്നായിരുന്നു സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ലോറി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലികമായി ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് ഇതിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന.
എന്നാൽ ഇത്തരം എന്ത് നടപടിയും വളരെ കർശനമായ സമയ പരിധി വച്ചാണ് നടപ്പിലാക്കുകയെന്നും സർക്കാർ സൂചിപ്പിച്ചു. യുകെയിൽ ധാരാളം ഇന്ധന സ്റ്റോക്ക് ഉണ്ടെന്നും സർക്കാർ വൃത്തങ്ങൾ ആവർത്തിച്ചു. “എന്നാൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളെപ്പോലെ, കോവിഡ് കാലത്ത് അവശ്യ സാധനങ്ങൾ എത്തിക്കാൻ ആവശ്യമായ ഡ്രൈവർമാരുടെ താൽക്കാലിക കുറവ് ഞങ്ങളും അനുഭവിക്കുന്നു,“ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി.
അതേസമയം ലോറി ഡ്രൈവർ ക്ഷാമത്തിന്റെ ഒരു കാരണം ബ്രെക്സിറ്റാണെന്ന ആരോപണം മന്ത്രിമാർ തള്ളി. യൂറോപ്യൻ യൂണിയണിൽ നിന്ന് പുറത്തുകടന്നതാണ് രാജ്യത്തിൻ്റെ വിതരണ ശൃംഖലയെ ബാധിച്ചതെന്ന ആരോപണങ്ങൾ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് നിഷേധിച്ചു.
Leave a Reply