ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞദിവസം കേറ്റർ പാർക്കിൽ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ, ഇരുപത്തെട്ടുകാരിയായ പ്രൈമറി സ്കൂൾ ടീച്ചറിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുപ്പത്തിയാറുകാരനായ മുൻ ഡോമിനോസ് ഡെലിവറി ഡ്രൈവർ കോസി സെലമാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച വിൽസ്ഡെൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈസ്റ്റ് സസ്സെക്സിലെ ഈസ്റ്റ്ബോർണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 17നാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ കേറ്റർ പാർക്കിൽ വച്ച് സബീനയെ കാണാതാകുന്നത്. 24 മണിക്കൂറിനുശേഷം കൊല്ലപ്പെട്ട രീതിയിൽ ഈ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട സെലമാജ് വളരെയധികം ശാന്തനായിരുന്നു എന്ന് ഇയാളുടെ വീടിനടുത്തുള്ള ടോപ് അപ്പ് സെന്റർ ജീവനക്കാരൻ പറഞ്ഞു. ഇയാളുടെ വീടിനടുത്ത് നിന്നും ഒരു നിസ്സാൻ മൈക്ര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബീനയുടെ മരണത്തെ അനുസ്മരിച്ച് നിരവധിപേർ വെള്ളിയാഴ്ച പെഗ്ലെർ സ്ക്വയറിൽ ഒത്തുചേർന്നിരുന്നു. ഇവരോടൊപ്പം സബീനയുടെ സഹോദരി ജെബീന യസ്മിനും അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു. ഒരു കുടുംബവും കടന്നുപോകാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് അവർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണങ്ങൾ കൂടുതൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Leave a Reply