ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്യാൻസർ രോഗം വന്ന രോഗികളിലെ ട്യൂമറുകൾ പുതിയതായി ജനിതക മാറ്റം വരുത്തിയ ഹെർപ്പസ് വൈറസ് ഉപയോഗിച്ചുള്ള ചികിത്സയിൽ ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് നടത്തിയ പരീക്ഷണത്തിലാണ് ജനിതക മാറ്റം വരുത്തിയ വൈറസിനെ ഉപയോഗിച്ച് നടത്തിയ ചികിത്സയിൽ സ്റ്റേജ് ഫോർ ക്യാൻസർ ബാധിതരായ നാലിലൊന്ന് രോഗികളിലും ഫലപ്രാപ്തി കണ്ടത്.

ത്വക്ക്, അന്നനാളം, തലയിലും കഴുത്തിലും ട്യൂമറുകൾ ഉള്ള 39 ക്യാൻസർ രോഗികളിലാണ് പരീക്ഷണം നടത്തിയത്. ചികിത്സയുടെ ഫലമായി വെസ്റ്റ് ലണ്ടനിൽ നിന്നുള്ള ഒരു രോഗിക്ക് തന്റെ ജോലിയിലേയ്ക്ക് തിരികെ പ്രവേശിക്കാനും കഴിഞ്ഞു. 39കാരനായ ക്രിസ്റ്റോഫ് വോജ്‌കോവ്‌സ്‌കിക്ക് 2017 മെയ് മാസത്തിലാണ് മ്യൂക്കോപിഡെർമോയിഡ് കാർസിനോമ എന്ന ക്യാൻസർ സ്ഥിരീകരിച്ചത്. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷം ഇദ്ദേഹത്തിന് ചികിത്സ ഒന്നും തന്നെ ചെയ്യാൻ ബാക്കി ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രണ്ടാഴ്ച കൂടുമ്പോൾ അഞ്ച് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. ഇപ്പോൾ രണ്ടു വർഷമായി താൻ ക്യാൻസർ വിമുക്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് വീണ്ടും ജോലിചെയ്യാൻ ആവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം നടത്തിയ രോഗികളിൽ ഒൻപതിൽ മൂന്നുപേരും 15 മാസത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചു.