ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നുമുതൽ സൈന്യത്തിൻറെ സേവനം ഇന്ധന വിതരണ പ്രതിസന്ധിയെ മറികടക്കാൻ ഉപയോഗിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനികർ ഇന്ധന വിതരണത്തിൻ്റെ ഭാഗമാകുന്നതിനായിട്ടുള്ള പരിശീലനം നൽകുന്നതിൻ്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ന്യൂ ഫോറസ്റ്റ് ഹാംഷെയറിലെ ടാങ്കറിൽ നിന്ന് പമ്പിലേയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനെ കടുത്ത പ്രതിസന്ധിയിലാക്കിയ ഇന്ധന പ്രതിസന്ധിയിൽനിന്ന് സൈനികർ സജീവമായി രംഗത്ത് വരുന്നതോടെ മോചനം ആകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ​​ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. യുകെയിൽ ചരക്ക് വാഹന ഡ്രൈവർമാരുടെ ക്ഷാമം മൂലമാണ് പ്രതിസന്ധി ഉടലെടുത്തത് . പല പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ് . നിലവിൽ രാജ്യമൊട്ടാകെ ആകെ 100000 ത്തോളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.