മനുഷ്യന്‍ ആയിരക്കണക്കിന് പഠനങ്ങളും അന്വേഷണങ്ങളും നടത്തിയിട്ടും എത്തിപ്പെടാനായത് സമുദ്രത്തിന്‍റെ വെറും 20 ശതമാനം ഭാഗത്ത് മാത്രമാണ്. ബാക്കി 80 ശതമാനം ഇനിയും കണ്ടെത്താനായില്ലെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ആഴക്കടലില്‍ അത്ഭുതങ്ങള്‍ ഏറെയാണ്. വിചിത്രമായ പല ജീവജാലങ്ങളെയും കടലിന്‍റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു വിചിത്ര ജീവിയെ ഈ അടുത്ത കാലത്ത് കണ്ടെത്താനായി. മനുഷ്യനെക്കാള്‍ വലിപ്പമുള്ള കണവ പോലെ ഒരു ജീവി.

2020ല്‍ ചെങ്കടലിലെ നിയോം പ്രദേശത്തിന്‍റെ അടിത്തട്ടില്‍ നടത്തിയ ഒരു അന്വേഷണത്തിലാണ് ഈ വിചിത്ര ജീവിയെ കണ്ടെത്തുന്നത്. സമുദ്ര ജീവശാസ്ത്രജ്ഞരുടെ ഒരു സംഘം 2011ല്‍ മുങ്ങിയ ‘പെല്ല’ എന്ന കപ്പലിന്‍റെ അവശിഷ്ടം അന്വേഷിച്ചിറങ്ങിയതാണ്. 2800 അടി താഴ്ചയിലായിരുന്നു കപ്പല്‍ കണ്ടെത്താനായത്. സമുദ്രത്തിന്‍റെ ഈ ഭാഗത്തേക്ക് എത്തിപ്പെടുന്നത് തന്നെ വളരെ പ്രയാസമാണ്. ആര്‍ഒവിയുടെ ക്യാമറയിലൂടെ മുങ്ങിയ കപ്പല്‍ നിരീക്ഷിക്കുമ്പോഴാണ് ഈ ഭീമന്‍ ജീവിയെ കാണാനായത്. കണവ മത്സ്യമായി തോന്നുമെങ്കിലും അതിന് മനുഷ്യനെക്കാള്‍ വലുപ്പമുണ്ടായിരുന്നു.

‘ഞാൻ കണ്ട കാഴ്ച ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് മറക്കാന്‍ കഴിയില്ല,’ ഓഷ്യൻ എക്സ് സയൻസ് പ്രോഗ്രാം ലീഡ്, മാറ്റീ റോഡ്രിഗ് പറഞ്ഞു. അപ്രതീക്ഷിതമായി ക്യാമറയില്‍ പതിഞ്ഞെങ്കിലും ഈ ജീവിയേതാണെന്ന് തിരിച്ചറിയാന്‍ തന്നെ ഏകദേശം ഒരു വര്‍ഷം വേണ്ടി വന്നു. ഭീമൻ കണവയെ പറ്റി കൂടുതല്‍ അറിയാന്‍ റോഡ്രിഗ് സുവോളജിസ്റ്റായ ഡോ. മൈക്കിൾ വെച്ചിയോണിന്റെ സഹായം തേടുകയായിരുന്നു. പിന്നീടാണ് വിചിത്ര ജീവി ‘പർപ്പിൾ ബാക്ക് ഫ്ലൈയിംഗ് സ്ക്വിഡ്’ ആണെന്ന് കണ്ടെത്തിയത്. ‘ചെങ്കടലില്‍ കപ്പല്‍ മുങ്ങിയ പ്രദേശത്ത് ഇവ കൂടുതലായി കാണപ്പെടുന്നു. സ്റ്റെനോട്യൂത്തിസിന്റെ ഭീമന്‍ രൂപമാണെന്ന് നിങ്ങള്‍ക്ക് കാണാനായത്.’ വെച്ചിയോണ്‍ പറഞ്ഞു. ടീം ചിത്രീകരിച്ച ഈ വിചിത്ര ജീവിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.