ബിനോയ് എം. ജെ.
ഭാരതീയരുടെ പ്രശ്നം ഒരു വലിയ ആശയക്കുഴപ്പമാണ്. അതിന് സമുദ്രത്തോളം തന്നെ അഗാധത ഉണ്ട് .അത് താത്വികമായ ഒരു പ്രശ്നമാണ് . ആ പ്രശ്നം മൂലമാണ് ഭാരതം നാളിതുവരെയായി തമസ്സിൽ കഴിഞ്ഞു പോരുന്നത്. അത് ഭാരതീയ തത്വചിന്തയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭാരതീയരുടെ എല്ലാ നന്മകളുടെയും അടിസ്ഥാനം ഭാരതീയ തത്ത്വചിന്ത ആണ്. ഭാരതീയരുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇതേ ഭാരതീയ തത്ത്വചിന്ത തന്നെയാണ്. അത് രൂപം കൊണ്ടത് മാനവ സംസ്കാരത്തിൻെറ ആരംഭത്തിലാണ്. എന്നാൽ നാം ഇന്ന് ജീവിക്കുന്നത് മാനവ സംസ്കാരത്തിൻറെ മദ്ധ്യദശയിലോ അവസാന ദശയിലോ ആണ്. ഏതെന്ന് എനിക്കറിഞ്ഞുകൂടാ .മാനവ സംസ്കാരത്തിൻറെ തുടക്കത്തിൽ ഭാരതീയ തത്വചിന്തയ്ക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു. എന്നാലിപ്പോൾ കാലം മാറിയിരിക്കുന്നു. നമുക്ക് ഭാരതീയ തത്ത്വചിന്തയും ആയി മാത്രം മുന്നോട്ടു പോകുവാൻ ആകില്ല .ബ്രിട്ടീഷുകാർ ഇവിടെ വന്നപ്പോൾ മുതൽ കാര്യങ്ങൾക്ക് മാറ്റം ഉണ്ടായി തുടങ്ങി .നാം പാശ്ചാത്യലോകത്തിന് പിറകെ ഓടി തുടങ്ങി. അത് കാലത്തിന്റെ ആവശ്യമായിരുന്നു.
ഇന്ന് പാശ്ചാതൃലോകത്തിൽ നിന്നും അധികമായി ഒന്നും പഠിക്കുവാൻ ഇല്ല എന്നായിരിക്കുന്നു. അവരുടെ സംസ്കാരം തന്നെ ശിഥിലമായി കൊണ്ടിരിക്കുന്നു. അതിനാൽ പശ്ചാത്യരിൽ നിന്നും പഠിച്ച കാര്യങ്ങൾ നമുക്കിനി ഭാരതീയ തത്ത്വചിന്തയോട് കൂട്ടിച്ചേർക്കാം. അപ്രകാരം ഭാരതീയ ചിന്താപദ്ധതിക്ക് പുതിയ ഒരു മാനം കൊടുക്കാം. ഈ ജീവിതം ഒരു ശിക്ഷ അല്ലെന്നും മറിച്ച് അതൊരു അനുഗ്രഹമാണെന്നും നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് പരമ്പരാഗത ഭാരതീയ തത്ത്വചിന്തയ്ക്ക് എതിരാണ്. ഭാരതീയ തത്വചിന്ത നാളിതുവരെ നിഷേധാത്മകമായിരുന്നു. അത് ജീവിതത്തെ നിഷേധിച്ചു പോരുന്നു .എന്നാൽ ജീവിതത്തെ നിഷേധിച്ചു കൊണ്ടും ജീവിതത്തെ വെറുത്തു കൊണ്ടും നമുക്ക് ഇനി മുന്നോട്ടു പോകാനാവില്ല. ഇതാണ് ആധുനിക ഭാരതീയരുടെ പ്രശ്നം. നാം ചെറുപ്പംതൊട്ടേ കേട്ട് വരുന്നു, ഈ ജീവിതം ഒരു ദുഃഖമാണ് ,അതൊരു ക്ലേശകരമാണ്, അതിനാൽ അതിൻറെ പിറകെ ഓടാതിരിക്കുക. ഈ ചിന്താധാര നാമറിയാതെതന്നെ നമ്മുടെ ഉപ ബോധമനസ്സിൽ പ്രവേശിച്ചു കഴിഞ്ഞു. നമുക്കതിനെ കുടഞ്ഞു കളയുവാൻ കഴിയുന്നില്ല .”ദുഃഖ സത്യം” എന്ന് ശ്രീബുദ്ധനും “ലോകം ശോകഹസം ച സമസ്തം” എന്ന് ശങ്കരാചാര്യരും പറഞ്ഞുവയ്ക്കുന്നു. നമുക്ക് അതിനുമപ്പുറം പോകുവാൻ കഴിയുന്നില്ല. പോകുവാൻ നാമാഗ്രഹിക്കുന്നു. എന്നാൽ കഴിയുന്നില്ല ,അതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം.
ജീവിതത്തെ സ്നേഹിക്കണമോ അതോ വെറുക്കണമോ… ഇതാണ് ഭാരതീയരുടെ പ്രശ്നം. നാം ഒരേസമയം ജീവിതത്തെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. അതാണ് നമ്മുടെ ആശയകുഴപ്പം .ആർഷ ഭാരതത്തിലെ യോഗിവര്യന്മാർ ജീവിതത്തെ വെറുക്കാൻ നമ്മെ പഠിപ്പിക്കുന്നു. ഇവിടെയാണ് ഓഷോയുടെയും സദ്ഗുരുവിന്റെയും മറ്റും പ്രസക്തി .ഓഷോയെ പൂവിട്ടു പൂജിച്ചാലും മതിയാവില്ല. കാരണം അദ്ദേഹം ആണ് ആദ്യമായി പരമ്പരാഗത ഭാരതീയതത്വചിന്തയെ തിരുത്തുവാൻ ധീരതയോടെ മുന്നോട്ടുവന്നത് .ഈ ജീവിതത്തെ നാം സ്നേഹിക്കണമെന്നും ഇവിടുത്തെ സുഖഭോഗങ്ങളെ ഉപേക്ഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല എന്നും അദ്ദേഹം പഠിപ്പിക്കുക മാത്രമല്ല സ്വന്തം ജീവിതംകൊണ്ട് അത് നമുക്ക് കാട്ടി തരികയും ചെയ്തു .മോക്ഷത്തിനും നിർവ്വാണത്തിനും ഭാവാത്മക ചിന്ത ഒരു തടസ്സമല്ലെന്നും മറിച്ച് അത് മോക്ഷപ്രാപ്തിയെ ത്വരിതഗതിയിൽ ആക്കുമെന്നും നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൂച്ച കറുത്തത് ആയാലും വെളുത്തത് ആയാലും എലിയെ പിടിച്ചാൽ മതി. പാശ്ചാത്യ രീതിയിൽ ചിന്തിച്ചാലും ഭാരതീയ രീതിയിൽ ചിന്തിച്ചാലും നമുക്ക് നിർവ്വാണം കിട്ടിയാൽ മതി .പാശ്ചാത്യ രീതിയിൽ ചിന്തിച്ചാലും നമുക്ക് നിർവ്വാണം കിട്ടുമെന്ന് ആധുനിക ഭാരതീയദർശനികന്മാർ പറയുന്നു. വരുന്ന ഏതാനും നൂറ്റാണ്ടുകൾ നിർണ്ണായകമാണ് .കാരണം ഇപ്പോൾ തന്നെ പാശ്ചാത്യ ഭാരതീയ ദർശനങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ചിന്താ വിപ്ളവംസൃഷ്ടിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിവേകാനന്ദൻ പറഞ്ഞതുപോലെ ഭാരതം ഉണരുകയാണ് .നീണ്ട ഒരു നിദ്രയ്ക്ക് ശേഷം ഭാരതം വീണ്ടും സജീവമായി വരുന്നു. പുതിയൊരു ജീവിത വീക്ഷണവുമായി അത് ലോകത്തിന് ദിശാബോധം കൊടുക്കുന്നു.
Leave a Reply