ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു നാടിൻറെ മുഴുവൻ കണ്ണീർ ഏറ്റുവാങ്ങി ഉരുൾപൊട്ടലിൽ ജീവൻ കവർന്നെടുത്ത മാർട്ടിനും കുടുംബത്തിനും രണ്ട് കല്ലറകളിൽ അന്ത്യവിശ്രമം . സമാനതകളില്ലാത്ത ദുരന്തത്തിൽ മരണമടഞ്ഞ ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ (65), മാര്‍ട്ടിന്‍ (48), സിനി മാര്‍ട്ടിന്‍ (45), സ്‌നേഹ മാര്‍ട്ടിന്‍ (14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍ (10) എന്നിവരുടെ സംസ്കാരചടങ്ങുകൾ കാവാലി സെൻ മേരീസ് പള്ളിയിൽ വച്ച് നടന്നു. അന്ത്യയാത്രയ്ക്കായി ഉണ്ടുറങ്ങിയിരുന്ന വീടിൻറെ തരി പോലും ബാക്കി ഇല്ലാത്തതിനാൽ ആറുപേരുടെയും മൃതദേഹങ്ങൾ നേരെ പള്ളിയിലേക്കാണ് എത്തിച്ചത് . പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറ നേതൃത്വത്തിലാണ് സംസ്കാരശുശ്രൂഷകൾ നടന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആറുപേരെയും യാത്ര അയയ്ക്കാൻ ഒരു നാടുമുഴുവൻ പള്ളിയിലേയ്ക്ക് ഒഴുകിയെത്തി. ഊണിലും ഉറക്കത്തിലും ഒന്നിച്ച് കളിച്ചു ചിരിച്ചു നടന്ന മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം ഏതൊരാളുടെയും കരളലിയിക്കുന്നതായിരുന്നു. കലിതുള്ളി പെയ്ത പേമാരിയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഭൂലോകത്ത് നിന്നും തുടച്ചു നീക്കിയെങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ ആ കുടുംബം ചുടുകണ്ണീരുള്ള ഓർമ്മകളായി ഇനി ജീവിക്കും.