കോഴിക്കോട്: തമിഴ്നാട്ടില്‍നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശ തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്നു സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീടു ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്പ്പെട്ടവരാണോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിനു പങ്കുണ്ടെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
നിലവില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വീടു കുത്തിത്തുറക്കാനും മറ്റും ഉപയോഗിക്കുന്ന കോടാലി, തൂമ്പ പോലുള്ളവ വീടിനു പുറത്തുവയ്ക്കരുത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ചറിയിച്ചു ലൈറ്റിട്ടശേഷം മാത്രമേ പുറത്തിറങ്ങാവൂ.
അടിയന്തര ഘട്ടങ്ങളില്‍ ആളുകള്‍ക്ക് 0495 2721697 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ ബന്ധപ്പെടാമെന്നും സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.
Leave a Reply