ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. പ്രതിദിന രോഗവ്യാപന നിരക്ക് ഓരോ ദിവസവും കൂടുന്നതിൻെറ കണക്കുകളാണ് പുറത്തുവരുന്നത്. രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ ബൂസ്റ്റർ ഡോസ് നൽകുന്നത് രാജ്യത്ത് ഊർജിതമാക്കിയിട്ടുണ്ട്. വൈറസിന്റെ പുതിയ വേരിയന്റുകൾക്ക് വാക്സിനേഷൻ എത്രമാത്രം ഫലപ്രദമാണെന്നുള്ള ആശങ്കയും ആരോഗ്യവിദഗ്ധർക്കുണ്ട്. ഇതിനിടെ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പല ലോക് ഡൗൺ നിയന്ത്രണങ്ങളും തിരിച്ചുകൊണ്ടുവരണമെന്നുള്ള അഭിപ്രായവും ആരോഗ്യവിദഗ്ധർക്കിടയിലുണ്ട്.
ഇതിനിടെ കോവിഡ് വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം സാധ്യമാകുന്ന എല്ലാ മേഖലയിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുന്നതാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ശൈത്യകാലത്ത് രോഗവ്യാപനം കുറയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇതെന്നുള്ള അഭിപ്രായമാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ ഈ നിർദേശത്തിന് ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എത്രമാത്രം പിന്തുണ ലഭിക്കുമെന്ന് അറിവായിട്ടില്ല. രോഗവ്യാപനം കുറയുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മന്ത്രിമാരുടെ ഭാഗത്തുനിന്നും ശക്തമായ എതിർപ്പ് നേരിടുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇന്നലെ മാത്രം രാജ്യത്ത് പുതിയതായി 49298 പേർക്കാണ് രോഗവ്യാപനം രേഖപ്പെടുത്തിയത്. കോവിഡിനെ തുടർന്ന് 8238 പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത് . ഇതിൽ തന്നെ 892 പേർ വെൻറിലേറ്ററിലാണ്. നിലവിലെ സാഹചര്യത്തിൽ ശൈത്യകാലത്ത് കോവിഡിനെ തടയുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ എത്രയും പെട്ടെന്ന് എടുക്കണമെന്ന് ഒക്ടോബർ 14 -ന് ചേർന്ന ശാസ്ത്ര ഉപദേഷ്ടാക്കളുടെ യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply