ന്യൂസ് ഡെസ്ക് മലയാളം യുകെ

ലങ്കാഷെയറിലെ ഹെയ്‌ഷാമിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. നാല് മുതിർന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. പാചക വാതകത്തിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ രണ്ട് വീടുകൾ തകരുകയും മൂന്നാമതൊരു വീടിന് ഭാഗികമായ തകരാറുകൾ സംഭവിച്ചതായും ലങ്കാഷെയർ പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോ എഡ്വേർഡ്സ് സംഭവസ്ഥലത്ത് വച്ച് പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും എല്ലാവരെയും കണ്ടെത്തിയതായി വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

40 ഓളം പേരെ സമീപ ഭവനങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ദുരിതബാധിതർക്ക് കൗൺസിലുകൾ ഭവന സഹായം നൽകുമെന്നും ഹെൽപ്പ് ലൈൻ തുറന്നതായും ലാൻകാസ്റ്റർ സിറ്റി കൗൺസിൽ നേതാവ് എറിക ലൂയിസ് പറഞ്ഞു. ഒരു ബോംബ് പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി എന്നാണ് അയൽക്കാരിൽ ഒരാൾ സംഭവത്തെ കുറിച്ച് വിവരിച്ചത്. കഴിഞ്ഞ ആഴ്‌ച വെസ്റ്റ് മിഡ്‌ലാന്റിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനാറ് വയസ്സുള്ള ഒരു പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യത്തിൽ ഈ മാസം ആദ്യം ആഷ്‌ഫോർഡിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്ക് പരിക്ക് പറ്റിയിരുന്നു. പാചക വാതകത്തിന് തീ പിടിച്ചതാണ് അന്നും സ്‌ഫോടനത്തിന് കാരണമായത്.