ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വളരെ അപൂർവമായ ഗില്ലിൻ ബാർ സിൻഡ്രോം കൂടി പുതിയതായി ആസ്ട്രാസെനെക്ക വാക്സിന്റെ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് യു കെ ഡ്രഗ് റെഗുലേറ്റർ. ആസ്ട്രാസെനെക്ക വാക്സിൻ ലഭിച്ചവരിൽ കുറച്ചു പേരിൽ ഈ രോഗലക്ഷണം കണ്ടെത്തിയതായാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വാക്സിന്റെ ദോഷവശങ്ങളെക്കാൾ ഗുണങ്ങളാണ് മുന്നിട്ട് നിൽക്കുന്നതെന്ന് വിദഗ്ധർ ഉറപ്പിച്ച് പറയുമ്പോഴും ഇത്തരം വസ്തുതകൾ ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയാണ് ഗില്ലിൻ ബാർ സിൻഡ്രോം കൂടി ആസ്ട്രാസെനെക്ക വാക്സിൻ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയത്. ഈ രോഗം കാലുകളിലും, കൈകളിലും മറ്റുമുള്ള ഞരമ്പുകളെയാണ് മുഖ്യമായും ബാധിക്കുന്നത്. മരവിപ്പ്, പേശികളുടെ ബലഹീനത, വേദന തുടങ്ങിയവയൊക്കെ തുടർന്ന് രോഗികളിൽ അനുഭവപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഭൂരിഭാഗം പേരിലും ഇത് പൂർണമായി സുഖപ്പെടുത്തുവാൻ സാധിക്കുന്നതാണെങ്കിലും, വളരെ കുറച്ചു പേരിൽ ഇത് ദീർഘകാലത്തേയ്ക്ക് നീണ്ടുനിൽക്കുകയും, ജീവന് അപകടം ആയിത്തീരുകയും ചെയ്യുന്നുണ്ട്. യൂറോപ്യൻ മെഡിസിൻസ് ഏജൻസി കഴിഞ്ഞ മാസം തന്നെ ഗില്ലിൻ ബാർ സിൻഡ്രോമിനെ പാർശ്വ ഫലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം , ആസ്ട്രാസെനെക്ക വാക്സിൻ നൽകിയ 600 മില്യൺ ജനങ്ങളിൽ, 833 പേർക്ക് മാത്രമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി ഉണ്ടാകുന്ന തലവേദനയും, ക്ഷീണവുമാണ് ആസ്ട്രാസെനെക്ക വാക്സിന്റെ ഏറ്റവും മുഖ്യമായ പാർശ്വഫലമെന്ന് കിങ്സ് കോളേജ് ലണ്ടനിലെ എപ്പിഡെമിയോളജിസ്റ്റ് ആയിരിക്കുന്ന പ്രൊഫസർ ടിം സ്പെക്ടർ പറഞ്ഞു. നിരവധി പേരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമുഖ ഗവേഷകനായ സ്പെക്ടർ ഇതു വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ എടുക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് ക്ഷീണവും തലവേദനയും മറ്റും ഉണ്ടാകുന്നുണ്ടെന്നും, പ്രതിരോധശേഷി കൂടുതലായതു മൂലം യുവാക്കളിൽ ഇത് കൂടുതലായി ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസർ, മോഡേണ മുതലായ വാക്സിനുകൾ എടുക്കുന്നവരിലും ചെറിയ തോതിലുള്ള പനിയും, ശരീരവേദനയും ഉണ്ടാവുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനങ്ങൾ ആരുംതന്നെ ആശങ്കപ്പെടേണ്ടതില്ലെന്ന ഉറപ്പാണ് എല്ലാ ഗവേഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
Leave a Reply