ഇറാനിൽ തടവിലായിരുന്ന ബ്രിട്ടീഷ് ഓസ്ട്രേലിയൻ അക്കാദമിക് ആയ കൈലി മൂർ ഗിൽബർട്ടിനെ മൂന്ന് ഇറാനികൾക്ക് പകരമായി വിട്ടയച്ചു.

ഇറാനിൽ തടവിലായിരുന്ന ബ്രിട്ടീഷ് ഓസ്ട്രേലിയൻ അക്കാദമിക് ആയ കൈലി മൂർ ഗിൽബർട്ടിനെ മൂന്ന് ഇറാനികൾക്ക് പകരമായി വിട്ടയച്ചു.
November 26 04:33 2020 Print This Article

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

രാജ്യത്തിലെ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട് പ്രകാരം ചാര കുറ്റം ആരോപിച്ച് 10 വർഷത്തെ കഠിനതടവിന് വിധിക്കപ്പെട്ട ബ്രിട്ടീഷ് ഓസ്ട്രേലിയൻ അക്കാദമിക് ആയ കൈലി മൂർ ഗിൽബർട്ടിനെ വിദേശത്ത് കുടുങ്ങിക്കിടന്ന 3 ഇറാനിയൻ പൗരൻമാർക്ക് പകരമായി വിട്ടയച്ചു. ചാര കുറ്റം ആരോപിക്കപ്പെട്ട ഉടനെതന്നെ, കൈലി അത് നിഷേധിക്കുകയും, തന്റെ നിരപരാധിത്വം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തലസ്ഥാനത്തിന് 90 കിലോമീറ്റർ അടുത്തുള്ള കോം എന്ന നഗരത്തിൽ അക്കാദമിക് കോൺഫറൻസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൈലിയെ 2018 സെപ്റ്റംബറിൽ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഉടൻ തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിനും, അന്തേവാസികളുടെ എണ്ണക്കൂടുതലിനും കുപ്രസിദ്ധമായ കിഴക്കൻ തെഹ്രനിലെ ക്വിർചക് ജയിലിലേക്ക് മാറ്റിയിരുന്നു. പത്തുവർഷം കഠിനതടവാണ് തനിക്ക് വിധിച്ചിരിക്കുന്നത് എന്ന് അറിഞ്ഞ സമയം മുതൽ കൈലി നിരന്തരമായ നിരാഹാര സമരവും ഏകാന്തവാസവും ചെയ്ത് പ്രതിഷേധിച്ചിരുന്നു.

ചാരനിറത്തിലുള്ള ഹിജാബ് ധരിച്ച്, താടിക്കു താഴെ നീല നിറത്തിലുള്ള ഫെയ്സ് മാസ്കുമായി ടെഹ്റാനിലെ എയർപോർട്ടിലെ മീറ്റിംഗ് റൂം എന്ന് തോന്നിക്കുന്ന ഒരു മുറിയിൽ ഇരിക്കുന്ന കൈലിയുടെ വീഡിയോ ആണ് ഇറാനിയൻ ടെലിവിഷൻ സംപ്രേഷണം ചെയ്തത്. കൈലിക്കൊപ്പം തോളുകളിൽ ഇറാനിയൻ പതാക പതിപ്പിച്ച യൂണിഫോം ധരിച്ച മൂന്നുപേരെയും കാണാം. അവർ എക്കണോമിക് ആക്ടിവിസ്റ്റുകൾ ആണെന്നും ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ അബ്ബാസ് അറാച്ചിയുമായി മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്നുമാണ് പുറത്തുവിട്ടിരിക്കുന്ന വിവരം.

ഇതിനു മുൻപ് സമാനമായ കേസിൽ അറസ്റ്റിലായിരുന്ന നസാനിൻ സഗാരി റാഡ്ക്ലിഫിന്റെ ഭർത്താവായ റിച്ചാർഡ് വാർത്ത അറിഞ്ഞതിനെ തുടർന്ന് പ്രതികരിച്ചത് ഇങ്ങനെ, “തീർച്ചയായും ഇരുളടഞ്ഞ തുരങ്ക ത്തിന്റെ ഒടുവിൽ വെളിച്ചമുണ്ട്” ഇതൊരു സുഖമുള്ള ഞെട്ടലായിരുന്നു. ഞാൻ ഇത് നസാനിനോട്‌ പങ്കുവെച്ചപ്പോൾ അവൾക്ക് വളരെ സന്തോഷമായി. ഇങ്ങനെയുള്ള കാര്യങ്ങളിൽ അടുത്ത തന്റെ ഊഴം ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം സുഖമുണ്ട്. മോചിക്കപ്പെടാൻ കാത്തു നിൽക്കുന്നവരുടെ ക്യൂവിലാണ് ഞങ്ങൾ ഉള്ളത് എന്ന് പറയാൻ കഴിയില്ല. ഓരോന്നിനും അതിന്റെതായ സമയമുണ്ട് എന്നു പറയുന്നത് ശരിയാണ്. ഒരു ചെറിയ അനക്കങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൈലിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വാർത്തയാണിത്, പക്ഷേ ഞങ്ങൾക്ക് ഈ വാർത്ത നൽകുന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ”. റാഡ്ക്ലിഫ് കൂട്ടിച്ചേർത്തു. മുൻപ് അറസ്റ്റിലായിരുന്ന സഗാരി റാഡ്ക്ലിഫിനെ മാർച്ചിൽ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് താൽക്കാലികമായി വിട്ടയയ്ക്കുകയായിരുന്നു.

ഡോക്ടർ മൂറിന്റെ മോചന വാർത്ത അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണെന്നും, മറ്റു തടവുകാരെ കൂടി വിടുവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനിയൻ അധികൃതരെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും യുകെ ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles