കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനവും കൊടിയുടെ നിറവും രണ്ടാണെങ്കിലും അവരുടെ മനസ്സ് ഒന്നായി, പകർന്നുനൽകിയ സ്നേഹത്തിനുമുന്നിൽ. വിദ്യാർഥിരാഷ്ട്രീയത്തിൽ ഇരുസംഘടനകളിൽ പ്രവർത്തിച്ച നിഹാലും ഐഫയും ജീവിതത്തിൽ ഇനി ഒരുമിച്ചുനടക്കും.

കെ.എസ്.യു. ജില്ലാ പ്രസിഡൻറായ വി.ടി. നിഹാലിന്റെയും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന ഐഫ അബ്ദുറഹിമാന്റെയും വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. കോഴിക്കോട് ഗവ. ലോ കോളേജിൽ നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ചിരിയിൽ മാത്രമൊതുങ്ങിയ സൗഹൃദം കൂടുതൽ വളർന്നത് അഭിഭാഷകരായി ജില്ലാ കോടതിയിലെത്തിയതോടെ. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന വന്നത്. രാഷ്ട്രീയവിശ്വാസത്തിലെ വേർതിരിവിനെച്ചൊല്ലി ആദ്യം ചെറിയ ആശങ്ക ഇരുവർക്കുമുണ്ടായിരുന്നു. മനസ്സുതുറന്ന് സംസാരിച്ചപ്പോൾ അതൊന്നും പ്രശ്നമാക്കാതെ ഒരുമിച്ച് മുന്നോട്ടുപോവാൻ തീരുമാനിച്ചു.

നിലവിൽ ഡി.വൈ.എഫ്.ഐ., ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എന്നിവയിൽ അംഗമാണ് ഐഫ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പുതിയറ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു നിഹാൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോ കോളേജ് യൂണിയൻ ഭാരവാഹിയായിരുന്ന ഐഫയുമായി എസ്.എഫ്.ഐ. നേതാവ് എന്നനിലയിലുള്ള സൗഹൃദമേ ഉണ്ടായിരുന്നുള്ളൂവെന്ന് നിഹാൽ പറഞ്ഞു.

രാഷ്ട്രീയമായ ഭിന്നാഭിപ്രായം മുൻനിർത്തി ചെറിയ ‘അടികൾ’ ഉണ്ടാവാറുണ്ടെങ്കിലും അത് രസമുള്ളതാണെന്ന് ഐഫ പറയുന്നു. വിവാഹശേഷവും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്കൊപ്പം മുന്നോട്ടുപോവാനാണ് ഇരുവരുടെയും തീരുമാനം.

മാങ്കാവ് തളിക്കുളങ്ങര പരേതനായ വലിയ തിരുത്തിമ്മൽ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാൽ. കൊടുവള്ളിയിൽ ബിസിനസുകാരനായ അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. അടുത്തവർഷമാണ് വിവാഹം.