കന്നഡ നടൻ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നു രാവിലെ ജിംനേഷ്യത്തിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്?
കന്നഡ സിനിമാലോകം ഒന്നടങ്കം ഒഴുകിയെത്തുന്നു, അലറിവിളിച്ച് ആരാധകർ ആശുപത്രിക്ക് മുന്നിൽ, ചിലർ വാർത്ത അറിഞ്ഞ് തളർന്നുവീണു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം, തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കൽ പോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് അഭിമാനത്തോടെ പറയാവുന്ന നടനാണ് അന്തരിച്ച സൂപ്പർ താരം പുനീത് രാജ്കുമാർ. ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന താരം 46–ാം വയസിൽ വിടവാങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തുന്നു. കന്നഡ സിനിമാലോകവും പുനീതിന്റെ കുടുംബവും തമ്മിൽ അത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നതാണ്.
മലയാളികൾക്കു പ്രേംനസീർ എങ്ങനെയാണോ അതുപോലെ കന്നഡിഗരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആളാണ് അച്ഛൻ രാജ്കുമാർ. അമ്മ പാർവതമ്മ രാജ്കുമാർ സിനിമാ നിർമാതാവ്. സഹോദരങ്ങളും സിനിമയിൽ സജീവം. മുൻപ് അച്ഛനെ കാട്ടുകള്ളൻ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോൾ അമ്മയ്ക്കൊപ്പം നിന്ന് കരുത്ത് പകർന്ന മകൻ കൂടിയാണ് പുനീത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ മിന്നിത്തകർക്കുമെങ്കിലും സൂപ്പർതാരങ്ങളായ ശിവരാജ്കുമാറും പുനീതുമെല്ലാം പൊതുവേദികളിൽ ലാളിത്യമുള്ളവരായിരുന്നു. ഇതായിരുന്നു പുനീതിന്റെ വിജയത്തിന് പിന്നിൽ അമ്മയും അച്ഛനും പഠിപ്പിച്ച വലിയ പാഠം.
രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയ പ്രതിസന്ധി ഘട്ടത്തെ ധീരമായി നേരിട്ട അമ്മയ്ക്കൊപ്പം കരുത്തായി മകനുമുണ്ടായിരുന്നു. 2000 ജൂലൈ 30നാണ് വീരപ്പനും സംഘവും രാജ്കുമാർ, ബന്ധു ഗോവിന്ദരാജ് നാഗേഷ്, സഹായി നാഗപ്പ എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷം 2000 നവംബർ 13നു രാജ്കുമാറിനെ മോചിപ്പിക്കുന്നത്.. വീരപ്പനു കോടികൾ നൽകിയായിരുന്നു ആ മോചനം. രണ്ടു സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയ, ലോകശ്രദ്ധയെ ദക്ഷിണേന്ത്യയിലേക്കു തിരിച്ച 108 ദിവസങ്ങൾക്ക് ശേഷമായിരുന്നു അന്നത്തെ മോചനം. ആ ദിവസങ്ങളെ പക്വതയോടെയും ചങ്കൂറ്റത്തോടെയുമാണ് കുടുംബം നേരിട്ടത്.
പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.
രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു.
ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്.
2002 ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.
Leave a Reply