മുംബൈ: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് അച്ഛനില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. മാതാപിതാക്കള്‍ വിവാഹമോചനം നേടുകയോ പിരിഞ്ഞു താമസിക്കുകയോ ആണെങ്കിലും അവിവാഹിതയായ  മകള്‍ക്ക് അച്ഛനില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായെങ്കിലും അവിവാഹിതയായ മകള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അച്ഛന്‍ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

പത്തൊമ്പതുകാരിയായ മകള്‍ക്കു വേണ്ടിയാണ് അമ്മ കോടതിയെ സമീപിച്ചത്. 1988 ലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹിതരായത്. 1997 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്.

വിവാഹമോചനത്തിനു ശേഷവും കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുന്നിടം വരെ ഇവരുടെ അച്ഛന്‍ ജീവനാംശം അമ്മയെ ഏല്‍പിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പതിനെട്ടു വയസ്സു പൂര്‍ത്തിയായതോടെ ജീവനാംശം നല്‍കുന്നത് അച്ഛന്‍ നിര്‍ത്തി ഇതേ തുടര്‍ന്നാണ് അമ്മ ആദ്യം കുടുംബകോടതിയെ സമീപിച്ചത്.

  വൃക്കയിലെ കല്ലിന് പകരം വൃക്ക എടുത്ത് മാറ്റി: രോഗി മരിച്ചു; ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴ

മകള്‍ക്ക് പ്രായപൂര്‍ത്തിയായെങ്കിലും ഉപരിപഠനം തുടരുന്നതിനാല്‍ ഇപ്പോഴും സാമ്പത്തിക ആവശ്യമുണ്ടെന്നും അമ്മ വ്യക്തമാക്കിയിരുന്നു. ആദ്യം കേസ് പരിഗണിച്ച കുടുംബ കോടതി ഇവര്‍ക്ക് അനുകൂലമായല്ല വിധി പ്രസ്താവിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കു മാത്രമാണ് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുള്ളതെന്നും പ്രായപൂര്‍ത്തിയായ മകള്‍ക്ക് അമ്മ മുഖാന്തരം ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നുമായിരുന്നു കുടുംബ കോടതിയുടെ വിധി. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ഭാരതി ഡാങ്‌ഗ്രെയാണ് വിധി പ്രസ്താവിച്ചത്.