ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രോഗ പ്രതിസന്ധിയുടെ കാലത്തെ അക്ഷീണ പരിശ്രമത്തിന് ആദരവ്. കൊറോണ വൈറസിനെതിരെ പടപൊരുതിയ നേഴ്സുമാരെ പ്രശംസിച്ച് ചാൾസ് രാജകുമാരൻ. ഈ വർഷത്തെ നേഴ്‌സിംഗ് ടൈംസ് അവാർഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നേഴ്സുമാർ പൂർണ്ണ സമർപ്പണത്തോടെയാണ് ജോലി ചെയ്തതെന്ന് രാജകുമാരൻ കൂട്ടിച്ചേർത്തു. ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വീഡിയോയിലൂടെയായിരുന്നു അദ്ദേഹം മുഖ്യസന്ദേശം നൽകിയത്. യുകെയിലെ നേഴ്സുമാർ ഓരോ ദിനവും അവരുടെ രോഗികൾക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആ പ്രയത്നത്തിനുള്ള അംഗീകാരമാണ് നേഴ്‌സിംഗ് ടൈംസ് അവാർഡുകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷനാണ് ഈ വർഷത്തെ വിജയി. തീവ്രപരിചരണ വിഭാഗത്തിന് പുറത്തുള്ള കോവിഡ് രോഗികൾക്ക് നോൺ-ഇൻവേസിവ് വെന്റിലേഷൻ നൽകുന്നതിനായി നേഴ്സുമാർക്ക് ദ്രുത പരിശീലന പരിപാടി സംഘടിപ്പിച്ചതിനാലാണ് ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസിന് ഈ അവാർഡ് ലഭിച്ചത്. ഈ വർഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും രാജകുമാരൻ അഭിനന്ദിച്ചു. ആഗോള പകർച്ചവ്യാധിയെ അഭിമുഖീകരിക്കുമ്പോൾ, നേഴ്‌സുമാർ നൽകിയ പരിചരണം ശ്രേഷ്ഠമാണ്. വെല്ലുവിളി നേരിട്ട പുതിയ സാഹചര്യത്തോട് അവർ വളരെ വേഗം പൊരുത്തപ്പെട്ടതായി ചാൾസ് പറഞ്ഞു.

കഴിഞ്ഞ 18 മാസമായി നഴ്സുമാർ സഹിച്ച ത്യാഗങ്ങൾക്ക് നന്ദി അർപ്പിച്ച രാജകുമാരൻ, അവാർഡ് ചടങ്ങ് അവർക്കുള്ള അംഗീകാരമാണെന്നും കൂട്ടിച്ചേർത്തു. “ഞങ്ങൾക്കെല്ലാവർക്കും വേണ്ടി നിങ്ങൾ ചെയ്യുന്ന പ്രയത്നത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.” അദ്ദേഹം വ്യക്തമാക്കി.