ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൊല്ലം : കൊല്ലത്ത് നീറ്റ് (National Eligibility cum Entrance Test – NEET) പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അ‍ഴിപ്പിച്ച സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായി. ബ്രിട്ടീഷ് മാധ്യമമായ ഇൻഡിപെൻഡന്റ് ആണ് സംഭവം റിപ്പോർട്ട്‌ ചെയ്തത്. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.

18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുത് എന്നായിരുന്നു വിദ്യാര്‍ത്ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. പല പെൺകുട്ടികൾക്കും ഈ ദുരനുഭവം ഉണ്ടായി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർഥിനികൾ പറഞ്ഞു.

അന്വേഷണത്തെ തുടർന്ന്, ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്തു. അഞ്ചു പ്രതികൾക്കും ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചു.