ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ശൈത്യകാലം എത്തുന്നതോടെ ‘വിന്റർ ഡിപ്രഷൻ’ കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പ്. സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) എന്നും അറിയപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ അറിയിച്ചു. യൂറോപ്പില്‍ ശൈത്യസമയം ഇന്ന് പുലർച്ചെ ആരംഭിച്ചു. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. സാധാരണയായി ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ കാലാവസ്ഥ മാറ്റം മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്.
ശൈത്യകാലത്ത് വന്നു പോകുന്ന ഒരവസ്ഥയാണ് വിന്റർ ഡിപ്രഷൻ. ദൈനംദിന പ്രവർത്തനങ്ങളിൽ താല്പര്യം നഷ്ടപ്പെടുക, ക്ഷോഭം, അലസത അനുഭവപ്പെടുക, സാധാരണയേക്കാൾ കൂടുതൽ നേരം ഉറങ്ങുക തുടങ്ങിയവയാണ് പ്രാധാന ലക്ഷണങ്ങൾ. കഴിഞ്ഞ എട്ടു വർഷത്തെ കണക്കുകൾ പ്രകാരം, ഒക്ടോബർ മാസത്തിൽ ഈ അവസ്ഥയിലൂടെ കടന്നുപോയവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ശൈത്യകാല വിഷാദത്തിനുള്ള പരിഹാരം എൻഎച്ച്എസ് തന്നെ നിർദേശിക്കുന്നു. നീളമേറിയ രാത്രികൾ ആയതിനാൽ മാനസികാവസ്ഥയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും വിഷാദം തോന്നി തുടങ്ങിയാൽ ഉടൻ തന്നെ ജിപിയുടെ സഹായം തേടണമെന്നും അവർ പറഞ്ഞു.
എൻ എച്ച് എസിന്റെ പിന്തുണയുള്ള ടോക്കിംഗ് തെറാപ്പിസ് പ്രൊവൈഡർ, ശീതകാലം മുഴുവൻ സോഷ്യൽ മീഡിയ ചാനലുകളിലും വെബ്സൈറ്റിലും ലോ മൂഡ് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങൾ നൽകും. പതിവായി വ്യായാമം ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം സമൂഹവുമായി ബന്ധപ്പെടാനും അവസരം ഒരുക്കുന്നു. ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുക എന്നതാണ് മറ്റൊരു പ്രധാന മാർഗം. യുകെയിൽ ഏകദേശം 13 ലക്ഷം ആളുകൾക്ക് വിന്റർ ഡിപ്രഷൻ ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Leave a Reply