കെറ്ററിംഗ്‌: യുകെ മലയാളികൾക്ക് വേദന നൽകി യുകെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന  മാർട്ടിന ചാക്കോ (40) ആണ് ഇന്ന് മരണമടഞ്ഞത്. കോഴിക്കോട്  സ്വദേശിനിയാണ് പരേത. നമ്പിയാമഠത്തിൽ കുടുംബാംഗം. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്.

മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന. എങ്കിലും ചികിസയുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്ന മാർട്ടിനയുടെ വിയോഗം കെറ്ററിംഗ്‌ മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി എട്ട് മണിവരെ ഭവനത്തിൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരിയച്ചൻ അറിയിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാതമേ അറിയുവാൻ സാധിക്കുകയുള്ളു.

ലെസ്റ്റര്‍ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ മാര്‍ട്ടിനയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കുകയും സംസ്കാര ചടങ്ങിനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.

കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂർ  സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടിയും രണ്ട് പെൺകുട്ടിയും അടങ്ങുന്ന കുടുംബം.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് എന്നാണ് അറിയുന്നത്.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.