ഡോ. ഐഷ വി

പ്രദർശന നഗരി കൊല്ലം എസ് എൻ കോളേജായിരുന്നു . പ്രദർശനത്തെ സംബന്ധിച്ച പത്രവാർത്ത കണ്ടിട്ടാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞത് നാളെ രാവിലെ എക്സിബിഷന് കൊണ്ടുപോകാം . എല്ലാവരും രാവിലെ എഴുന്നേറ്റ് പോകാൻ തയ്യാറാകണം. ഞങ്ങൾ അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി. ശ്രീദേവിയപ്പച്ചിയുടെ മകൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മീനാകുമാരിയും ഞങ്ങളോടൊപ്പം വരുന്നുണ്ട്. ആറാം ക്ലാസ്സുകാരിയായ ഞാൻ വേഗം ചെന്ന് നിലവിളക്ക് കത്തിച്ചു . വിളക്കിനടുത്തായി സൂക്ഷിച്ചിരുന്ന ചന്ദനമെടുക്കാൻ കൈ നീട്ടിയതും വിളക്കു തിരിയിൽ നിന്നും ചൂടുള്ള ഒരു തുള്ളി എണ്ണ എന്റെ കൈയ്യിൽ വീണു. ഒരു മഴത്തുള്ളിയുടെ ആകൃതിയിൽ വലതു കൈത്തണ്ട പൊള്ളി. നല്ല നീറ്റൽ . കുറച്ച് പച്ചവെള്ളമൊഴിച്ച് പൊള്ളിയ ഭാഗം കഴുകി. എക്സിബിഷന് പോകാനുള്ള ആവേശത്തിൽ ഞങ്ങൾ യാത്രയായി.

ഉളിയനാടു വരെ നടന്ന് കൊല്ലത്തേയ്ക്കുള്ള ബസ്സിൽ കയറി. അപ്പോൾ പൊള്ളിയ ഭാഗത്തെ നീറ്റൽ സഹിക്കവയ്യാതായപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. വീട്ടിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ കോഴി നെയ്യ് തേയ്ക്കാമായിരുന്നെന്ന് അമ്മ മറുപടി നൽകി. അടുക്കളയിൽ വച്ച് സംഭവിക്കുന്ന ചെറിയ പൊള്ളലുകൾക്കൊക്കെ അമ്മയുടെ ഒറ്റമൂലിയായിരുന്നു കോഴി നെയ്യ് . നല്ല നെയ് വച്ച നാടൻ കോഴിയെ കറിവയ്ക്കാനെടുക്കുമ്പോൾ അതിന്റെ നെയ്യുരുക്കി ഒരു കുപ്പിയിൽ സൂക്ഷിയ്ക്കുകയായിരുന്നു അമ്മയുടെ പതിവ്. ഇടയ്ക്കിടെ കൈയ്യിലേക്കൂതിയും കൊച്ചേച്ചി (മീന) യോട് വർത്തമാനം പറഞ്ഞിരുന്നും കൊല്ലം എസ് എൻ കോളേജ് ജങ്ഷനിലെത്തി. എസ് എൻ കോളേജ് കോമ്പൗണ്ടിലുള്ള പ്രദർശന നഗരിയിലേയ്ക്ക് നടക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു. വ്യവസായം കൊണ്ട് സമ്പന്നരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരയണ ഗുരുവിന്റെ ഒരുത്തമമായ ആശയമായിരുന്നു എക്സിബിഷൻ സംഘടിപ്പിക്കുക എന്നത്.

ആദ്യ കാലത്ത് തിരുവിതാംകൂറിൽ ഈ എക്സിബിഷനുകൾ പുത്തനനുഭവമായിരുന്നു. വാണിജ്യപ്രാധാന്യമുള്ള പുതുമയുള്ള ഒട്ടേറെ ഉത്പന്നങ്ങളെ പരിചയപ്പെടാനും വിപണനത്തിനും ഇത്തരം എക്സിബിഷനുകൾ വേദിയൊരുക്കി. വൈവിധ്യമായിരുന്നു ആ എക്സിബിഷന്റെ മുഖമുദ്ര.1977-78 കാലഘട്ടത്തിൽ നടന്ന എക്സിബിഷനിൽ അന്ന് നാട്ടിൽ സുപരിചിതമല്ലാത്ത ഒട്ടേറെ ഉത്പന്നങ്ങൾ കണ്ടു. മിക്സി, ഗ്രൈന്റർ, ക്ലോസ്ഡ് സർക്യൂട്ട് ടി വി മുതലായവ അവയിൽ ചിലതായിരുന്നു. കറങ്ങുന്ന ദണ്ഡിൽ കുഴച്ച കളിമണ്ണ് വാരി വച്ച് കരവിരുതുകൊണ്ട് മൺകലവും മൺ നിലവിളക്കുമൊക്കെയുണ്ടാക്കുന്ന വിദ്യ കൗതുകകരമായിരുന്നു. കടലവറുത്തത് വറുത്ത ചോളം ചായ, വട , തുടങ്ങിയ ഉത്പന്നങ്ങളും പ്രദർശന നഗരിയിലുണ്ടായിരുന്നു. പാമ്പുകളെ പരിചയപ്പെടുത്തുന്ന വിഭാഗമെത്തി. അതിന്റെ നടത്തിപ്പുകാരൻ ഒരു പെരുമ്പാമ്പിനേയുമെടുത്ത് എന്റെയരികിലെത്തി. പേടിക്കേണ്ട പാമ്പിനെയൊന്ന് തൊട്ടു നോക്കാൻ പറഞ്ഞു. ഞാൻ തൊട്ടു നോക്കി. ആ ശീതരക്ത ജീവിയുടെ ശരീരത്തിന്റെ തണുപ്പ് ആദ്യമായി ഞാനറിഞ്ഞു. എല്ലാം പുതുമയും കൗതുകവും നിറഞ്ഞതായിരുന്നു. മെഡിക്കൽ കോളേജിന്റെ സ്റ്റാളും ഗംഭീരമായിരുന്നു. അമ്മ എല്ലാവർക്കും പൊതിച്ചോർ കൊണ്ടു വന്നത് ഞങ്ങൾ ഒരിടത്തിരുന്നു കഴിച്ചു. പിന്നെയും കാണാനും ബാക്കി . ചിത്രരചന. ഫോട്ടോഗ്രഫി, ചെടികൾ, മുടി വളരാനുള്ള എണ്ണ, വിവിധ തരം പലഹാരങ്ങൾ മുതലായ വിഭാഗങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ തളർന്നു. അങ്ങനെ ഞങ്ങൾ തിരികെ പോന്നു. ദീർഘദർശിയായ ഒരു ഗുരുവര്യൻ തുടങ്ങി വച്ച പ്രദർശനം പിറകേ വന്നവർ നല്ല രീതിയിൽ തുടർന്ന് പോകുന്നതിൽ വളരെ സന്തോഷം തോന്നി. വീട്ടിലെത്തിയപ്പോൾ എന്റെ കൈയ്യിലെ പൊള്ളലിൽ അമ്മ കോഴി നെയ്യ് പുരട്ടിത്തന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.