ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രെക്‌സിറ്റില്‍ ഹിതപരിശോധനയാകാമെന്ന് ലേബര്‍ പാര്‍ട്ടി. ലേബറിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഈ മാസം നടക്കാനിരിക്കുന്ന യൂറോപ്യന്‍ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിനായാണ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഹിതപരിശോധനയ്ക്കായി പ്രചാരണം നടത്തണമെന്ന് ഡെപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചെങ്കിലും അത് കമ്മിറ്റി തള്ളി. സര്‍ക്കാര്‍ ഡീലിലോ ഇലക്ഷനിലോ മാറ്റമില്ലെങ്കില്‍ വിഷയത്തില്‍ പബ്ലിക് വോട്ട് ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചു. ബ്രെക്‌സിറ്റില്‍ ലേബര്‍ മുന്നോട്ടു വെച്ച പകരം മാര്‍ഗ്ഗത്തെ പിന്തുണയ്ക്കുന്ന ഒരു മാനിഫെസ്റ്റോയ്ക്കാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷാഡോ ക്യാബിനറ്റ്, കൗണ്‍സില്‍ അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന സമിതിയാണ് എന്‍ഇസി. പാര്‍ട്ടിയുടെ നയങ്ങളും മുന്നോട്ടുപോക്കും നിരീക്ഷിക്കുന്നത് ഈ സമിതിയാണ്. എംപിമാര്‍ പല വിധത്തില്‍ ഇടപെടലുകള്‍ നടത്തിയതിനാല്‍ സമിതിയുടെ അന്തിമ തീരുമാനം ഒട്ടേറെ ഭേദഗതികളോടെയാണ് രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രകടന പത്രിക ഒരു രണ്ടാം ഹിതപരിശോധനയാണെന്നും ലേബര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കുന്ന നേതാവ് വെസ് സ്ട്രീറ്റിംഗ് ട്വീറ്റ് ചെയ്തു.

ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഇപ്പോള്‍ ലേബര്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു എംപി ബ്രിജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞത്. അതേസമയം രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കാത്ത എംപിമാരും പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിതപരിശോധനയെന്നത് ഒരു നിര്‍ദേശം മാത്രമായി അവതരിപ്പിക്കുകയാണ് പാര്‍ട്ടി ചെയ്തിരിക്കുന്നതെന്ന് ഗ്ലോറിയ ഡി പെറോ പറഞ്ഞു. അതിനാല്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കേണ്ടി വരും.