സുഹൃത്തായ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താൻ സുഹൃത്ത് വിശാഖ് ക്വട്ടേഷൻ നൽകിയത്. കേസിൽ വിശാഖും (26) ക്വട്ടേഷൻ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവും (27) അറസ്റ്റിലായി. ഓട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്.
അഖിലിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിച്ചിരുന്നു. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുമിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇരുവരും പിണങ്ങിപ്പിരിഞ്ഞപ്പോൾ അഖിൽ പഴയകാര്യങ്ങൾ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടു.
അഖിലും വിശാഖും ഐടിഐയിൽ പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് വിശാഖ് കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായി ജോലി തുടങ്ങി. ഓട്ടോഡ്രൈവറായ അഖിലിന്റെ ഓട്ടോ വിശാഖ് നിരന്തരം ഓട്ടത്തിന് വിളിക്കുകയും ചെയ്തിരുന്നു. ഈ വകയിൽ അഖിലിന് പണം നൽകാനുമുണ്ട്.
ഇരുവരും പാലാ സ്വദേശിനിയായ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഈ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. പ്രണയത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസിൽ പരാതി നൽകി. തുടർന്ന് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ആസിഡ്, കോപ്പർ സൾഫേറ്റ്, എലിവിഷം എന്നിവ വാങ്ങി. വെള്ളിയാഴ്ച പൈകയിലെത്തിയ വിഷ്ണു അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് പൂവരണിയിലെ ആശുപത്രിയിലെത്തി.
ഭാര്യ അഡ്മിറ്റാണെന്നും വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോൾ ഭാര്യ ഗുരുതരാവസ്ഥയിലായതിനാൽ ആംബുലൻസിൽ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.
വഴിയിൽ വെച്ച് ഓട്ടോ നിർത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഖിൽ കുതറിയോടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തുമ്പോൾ ഓട്ടോ കത്തുന്നതാണ് കാണുന്നത്. അഖിൽ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോൾ വിശാഖിന്റെ നിർദേശപ്രകാരം ഓട്ടോയുടെ പെട്രോൾ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ മൊഴി.
പിന്നീട്, സംഭവശേഷം ഒന്നുമറിയാത്ത രീതിയിൽ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുൻകൂറായി വാങ്ങി. ഒരു കോടി രൂപ നൽകാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
Leave a Reply