ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും തിരഞ്ഞാലും വാഹന മോഷ്ടാക്കളെ നമുക്ക് കാണാനാകും. ബജറ്റ് കാറുകള്‍ മുതല്‍ സൂപ്പര്‍ കാറുകള്‍ വരെ മോഷ്ടിക്കുന്നവരുണ്ട്. കാറിന്റെ വില കൂടുന്നതിന് അനുസരിച്ച് സുരക്ഷ ഫീച്ചറുകള്‍ അധികം വരുമെങ്കിലും ഇതെല്ലാം പൊട്ടിച്ച് കടത്തിക്കൊണ്ടു പോകാന്‍ തക്കവണ്ണം വിരുതന്‍മാരായ കള്ളന്‍മാര്‍ ഇന്നുണ്ട്. എങ്കിലും കക്കാന്‍ പഠിച്ചാലും നിക്കാന്‍ പഠിക്കണം എന്നല്ലെ ചൊല്ല്.
കക്കാന്‍ പഠിച്ചു, നിക്കാന്‍ പഠിച്ചില്ല, ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ബെന്റലി മുല്‍സാന്‍ പാകിസ്ഥാനില്‍ നിന്ന് ‘പൊക്കി’. ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്ന് മോഷണം പോയ ആഡംബര കാറായ ബെന്റ്‌ലി മുല്‍സാന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കണ്ടെത്തി. സംഭവം എങ്ങനെയെന്നല്ലെ?. വാഹനം മോഷ്ടിച്ച് വന്‍കര കടന്ന് പാകിസ്താനിലെത്തിച്ച തസ്‌കരന്‍മാര്‍ക്ക് എവിടെയാണ് പിഴച്ചതെന്നല്ലെ.
മോഷണം പോയ കാറിനെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി കലക്‌ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കറാച്ചിയിലെ കളക്ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (സിസിഇ) കറാച്ചി നഗരത്തില്‍ ശക്തമായ റെയ്ഡ് നടത്തിയത്. പിന്നാലെ യുകെ നാഷണല്‍ ക്രൈം ഏജന്‍സി നഗരത്തിലെ ഡിഎച്ച്എ പ്രദേശത്തെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ബെന്റ്ലി മുല്‍സാന്‍ കണ്ടെത്തുകയായിരുന്നു.
വി.ഐ.എന്‍ നമ്പര്‍ എസ്.സി.ബി.ബി.എ 63വൈ 7എഫ്.സി 001375, എഞ്ചിന്‍ നമ്പര്‍ സി.കെ.ബി 304693 ചാരനിറത്തിലുള്ള ബെന്റ്‌ലി മുല്‍സാന്‍ – വി 8 ഓട്ടോമാറ്റിക് കാറാണ് കറാച്ചിയിലെ ഡി.എച്ച്.എയില്‍ നിന്ന് കണ്ടെത്തിയത്.
ബെന്റ്‌ലിയില്‍ നിന്ന് മോഷ്ടാക്കള്‍ ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്തിട്ടില്ലെന്ന് പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെയാണ് കള്ളമാരുടെ പണി പാളിയത്. അവര്‍ ട്രാക്കര്‍ ഓഫ് ചെയ്തില്ല, അങ്ങനെയാണ് യുകെ അധികൃതര്‍ കാറിന്റെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത്. വാഹനത്തിന്റെ കൃത്യമായ സ്ഥാനം പരിശോധിച്ച ശേഷം യുകെ അധികൃതര്‍ വാഹനം നിരീക്ഷിച്ച് പാക് സര്‍ക്കാരിന് വിശദാംശങ്ങള്‍ നല്‍കി.
റെയ്ഡിനിടെ പാകിസ്ഥാന്‍ രജിസ്‌ട്രേഷനും നമ്പര്‍ പ്ലേറ്റും ഉള്ള ബെന്റ്‌ലി പാക് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ബെന്റ്‌ലിയുടെ ഷാസി നമ്പര്‍ യുകെയില്‍ നിന്ന് മോഷ്ടിച്ച ബെന്റ്‌ലിയുടെ നമ്പറുമായി പൊരുത്തപ്പെടുന്നതായി അവര്‍ പരിശോധനയില്‍ കണ്ടെത്തി. കൈവശം വെച്ചിരുന്നയാളുടെ പക്കല്‍ അനുബന്ധ രേഖകള്‍ കൂടി ഇല്ലാതെ വന്നതോടെ പാകിസ്ഥാന്‍ അധികൃതര്‍ വാഹനം പിടിച്ചെടുത്തു.
ഇതോടൊപ്പം കാര്‍ കൈവശം വെച്ചിരുന്നയാളെയും ഇയാള്‍ക്ക് കാര്‍ വിറ്റ ബ്രോക്കറെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ആഷ് ഗ്രേ നിറത്തിലുള്ള ബെന്റ്ലി കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ലോറിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കാറുകള്‍ കടത്തുന്ന വന്‍ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകളാണ് റാക്കറ്റ് കള്ളക്കടത്തിനായി ഉപയോഗിച്ചത്. മോഷ്ടിച്ച വാഹനം കടത്തിയതുവഴി 300 ദശലക്ഷത്തിലധികം പാക് രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി എഫ്ഐആര്‍ ഫയല്‍ ചെയ്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്ന് ഇത്തരം നിരവധി റാക്കറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍, മോഷ്ടിക്കപ്പെട്ട മിക്ക കാറുകളും സ്‌പെയര്‍ പാര്‍ട്സുകള്‍ വെവ്വേറെയാക്കി വില്‍ക്കുകയാണ് ചെയ്യാറ്. പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യും.
ആധുനിക കാലത്തെ പല കാറുകളും ഫാക്ടറിയില്‍ ഘടിപ്പിച്ച ട്രാക്കിംഗ് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഡാഷ്ബോര്‍ഡിന് കീഴില്‍ ഒളിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഹാര്‍ഡ് വയര്‍ഡ് ട്രാക്കര്‍ ഘടിപ്പിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.
കാറിന്റെ ഇസിയുവിലേക്ക് കണക്ട് ചെയ്യാവുന്ന അത്തരം നിരവധി ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരം ഉപകരണങ്ങള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടുകള്‍, കാറിന്റെ വേഗത, കാര്‍ ഒരു നിശ്ചിത പോയിന്റിന് അപ്പുറം പോകുക എന്നിവയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നു. ഈ ഉപകരണങ്ങള്‍ക്ക് വാഹനത്തിന്റെ ഇഗ്‌നിഷന്‍ വിദൂരമായി സ്വിച്ച് ഓഫ് ചെയ്യാനും കഴിയും.
ഈ ഉപകരണങ്ങളില്‍ ചിലതിന് എഞ്ചിന്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാനും കഴിയും. വാഹനം ഒരു പ്രത്യേക പോയിന്റ് കടന്നാല്‍ എഞ്ചിന്‍ യാന്ത്രികമായി ഓഫാകുന്ന GPS ഫെന്‍സ് പോലും ഉടമകള്‍ക്ക് സജ്ജീകരിക്കാനാകും. ഈ ഉപകരണങ്ങള്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും ലഭ്യമാണ്.
കൂടാതെ ഉപകരണത്തില്‍ GPS സംവിധാനവും ഇന്റര്‍നെറ്റ് പ്രവര്‍ത്തനവും നിലനിര്‍ത്തുന്നതിന് നാമമാത്രമായ സബ്സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കണം.
Leave a Reply