ഇന്ത്യയുടെ പ്രതീക്ഷകൾ വെറുതെയായി. ഗ്രൂപ്പ് രണ്ടിൽ നിന്നും പാകിസ്ഥാന് പിന്നാലെ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് കടന്ന് ന്യൂസിലൻഡ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റ് നേടി ന്യൂസിലൻഡ് സെമിയിലേക്ക് കടന്നത്. ന്യൂസിലൻഡ് ജയിച്ചതോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും യോഗ്യത നേടാതെ പുറത്തായി. അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നെങ്കിൽ റൺറേറ്റ് അടിസ്ഥാനമാക്കിയുള്ള കണക്കിൽ മുന്നേറാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്കാണ് ഇതോടെ വിരാമമായത്.

അഫ്ഗാനിസ്ഥാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. കുഞ്ഞൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലൻഡിന്റെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനിസ്ഥാൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഡെവോൺ കോൺവേയും ചേർന്ന് അഫ്ഗാന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. വില്യംസൺ 42 പന്തിൽ 40 റൺസോടെയും കോൺവേ 32 പന്തിൽ 36 റൺസോടെയും പുറത്താകാതെ നിന്നു. മാർട്ടിൻ ഗപ്റ്റിൽ (28), ഡാരിൽ മിച്ചൽ (17) എന്നിവരാണ് പുറത്തായത്.

WhatsApp Image 2024-12-09 at 10.15.48 PM

അഫ്ഗാനിസ്ഥാന് വേണ്ടി മുജീബുർ റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിൽ 124 റൺസാണ് നേടിയത്. 48 പന്തിൽ 73 റൺസെടുത്ത നജീബുള്ള സദ്രാൻ ഒഴികെ അഫ്ഗാൻ നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. അഫ്ഗാൻ നിരയിൽ സദ്രാന് പുറമെ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബൗളിങ്ങിൽ ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി ബോൾട്ടും രണ്ട് വിക്കറ്റ് വീഴ്ത്തി സൗത്തിയും തിളങ്ങി.

ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 5.1 ഓവറില്‍ 19 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്രത്തുള്ള സസായ് (2), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ നഷ്ടമായി. കൂട്ടത്തകർച്ച മുന്നിൽ കണ്ട അഫ്ഗാനെ നജീബുള്ള സദ്രാന്റെ ഒറ്റയാൾ പോരാട്ടമാണ് മുന്നോട്ട് കൊണ്ടുപോയത്. നാലാം വിക്കറ്റിൽ ഗുൽബാദിൻ നൈബിനൊപ്പം 36 റൺസ് കൂട്ടിച്ചേർത്ത സദ്രാൻ അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ നബിക്കൊപ്പം കൂട്ടിച്ചേർത്ത 59 റൺസിന്റെ കൂട്ടുകെട്ടാണ് അവരെ 100 കടത്തിയത്. ഇരുവരും പുറത്തായതോടെ ഡെത്ത് ഓവറുകളിൽ അഫ്ഗാൻ സ്കോർ ഉയർത്താൻ കഴിയാതെ 124 ൽ ഒരുങ്ങുകയായിരുന്നു.