യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭാര്യാകാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി ഐ സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എ എസ് ഐ ആർ. വി. ബൈജു, സി പി ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply