അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി ഇനി ഓർമ. ശരണ്യയുടെ മരണവാർത്ത സഹപ്രവർത്തകരെ പോലെ തന്നെ ഓരോ മലയാളിയെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ക്യാൻസറിനോട് പടപൊരുതി പലതവണ ജ്വലിച്ച് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് നടി ശരണ്യ ശശി ഓര്‍മയായത്.

പലതവണ ശസ്‍ത്രക്രിയയ്‍ക്ക് വിധേയമാകേണ്ടി വന്നിരുന്നു ശരണ്യക്ക്. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിന് അപ്പുറമാണ് ശരണ്യയുടെ വിടവാങ്ങല്‍.

പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്ന് മാത്രമായിരുന്നു സീമ ജി നായര്‍ പറഞ്ഞത്. ശരണ്യക്ക് ഒപ്പമുള്ള ഫോട്ടോകളും സീമ ജി നായര്‍ പങ്കുവെച്ചു. ചികിത്സയ്‍ക്കും മറ്റും എന്നും ശരണ്യക്ക് കൈത്താങ്ങായത് സീമാ ജിയുടെ പരിശ്രമങ്ങളായിരുന്നു.

ശരണ്യക്ക് ആദ്യമായി ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത് 2012ലായിരുന്നു. ലൊക്കേഷനില് കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാൻസറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു.

ക്യാൻസറിനെതിരെയുള്ള പോരാട്ടത്തില്‍ ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീമ ജി നായരാണ്. സീമ ജി നായരുടെ നേതൃത്വത്തിലുള്ള കൂട്ടായ്‍മ ശരണ്യക്ക് ഒരു വീടും വച്ച് നൽകിയിരുന്നു. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്. അത്രത്തോളം അടുപ്പമുള്ള ശരണ്യ വിടവാങ്ങുമ്പോള്‍ സീമ ജി നായര്‍ വാക്കുകള്‍ കിട്ടാതെ ഇടറുകയാണ്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.