കുറുപ്പ് ഞങ്ങളെ കാത്തു. ഇത്രനാളത്തെ കണ്ണീരിന് ശേഷം കിട്ടിയ സന്തോഷം. ജനങ്ങൾ തിയറ്ററിലേക്ക് ആർത്തിരമ്പിയെത്തുന്ന കാഴ്ച. തെക്കൻ കേരളത്തിൽ മഴ പെയ്യുന്നുണ്ട്. അപ്പോഴും ഇവിടെ കുറുപ്പ് ഹൗസ് ഫുള്ളാണ്. ഇതിനപ്പുറം എന്ത് പറയാനാണ്. ഞങ്ങളുടെ സൂപ്പർ സ്റ്റാറാണ് ദുൽഖർ..’ ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുന്നു. സിനിമ തിയറ്ററിൽ ഓടിയാൽ ലാഭം കിട്ടില്ല എന്ന കരുതുന്നവർക്ക് ജനം നൽകിയ മറുപടിയാണിതെന്ന് അദ്ദേഹം പറയുന്നു. കണക്കുകളും വിവരങ്ങളും നിരത്തി വിജയകുമാർ കുറുപ്പ് കാത്ത ഉറപ്പുകളെ പറ്റി പറയുന്നു.
കുറിപ്പിന്റെ ആദ്യ ദിനം അതിഗംഭീരമെന്ന് പറയാം. 505 തിയറ്ററുകളാണ് കേരളത്തിൽ സിനിമ റിലീസ് ചെയ്തത്. ലോകമെങ്ങും 1500 സ്ക്രീനുകൾ. ആദ്യ ദിനം കേരളത്തിൽ നിന്നുമാത്രം 6 കോടി 30 ലക്ഷം രൂപ ഗ്രോസ് കലക്ഷൻ നേടി. 3 കോടി 50 ലക്ഷം രൂപ നിർമാതാക്കളുടെ ഷെയർ. മലയാള സിനിമയിലെ സർവകാല റെക്കോർഡാണിത്. അടുത്തെങ്ങും തകർക്കാൻ കഴിയാത്ത റെക്കോർഡ് എന്ന് പറയാം. കാരണം ഇത്രമാത്രം തിയറ്ററുകൾ ഇനിവരുന്ന സിനിമയ്ക്ക് ഒരുമിച്ച് കിട്ടാൻ പാടാണ്. ഇന്നലെ മാത്രം 2,600 ഷോകളാണ് ഈ 505 തിയറ്ററുകളിൽ നടത്തിയത്. സിനിമ തിയറ്ററിൽ എത്തിക്കുന്നവർക്ക് ഉള്ള ശുഭസൂചനയാണ് ഇത്. ഒടിടിക്ക് ലാഭം നോക്കി െകാടുക്കണം എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടി ജനം െകാടുക്കുന്നു,
ആർക്ക് വേണ്ടിയും കുറുപ്പ് പിൻവലിക്കില്ല
25 ദിനങ്ങൾ എങ്കിലും മികച്ച റിപ്പോർട്ട് നൽകി കുറുപ്പ് പോകും എന്ന് ഉറപ്പാണ്. ഇനി മരക്കാർ വരുന്നു എന്ന് പറഞ്ഞു െകാണ്ട് കുറുപ്പ് തിയറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയറ്ററർ ഉടമകൾ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം െകായ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവൽ കൂടി എത്തുന്നുണ്ട്. ഇതെല്ലാം െകാണ്ടുതന്നെ മരക്കാറിന് വേണ്ടി തിയറ്ററുകൾ എല്ലാം ഒഴിച്ചുകാെടുക്കാൻ സാധ്യമല്ല. പടം കലക്ഷൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ തിയറ്ററിൽ തന്നെ തുടരും.
കുറുപ്പിന് പകരം ഇത്ര തിയറ്ററിൽ മരക്കാർ എത്തിയിരുന്നെങ്കിൽ ഇതിലും വലിയ നേട്ടം െകായ്യാമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ അന്ന് അത് ആരും കേട്ടില്ല. 500 തിയറ്റർ, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റൺ ഓഫർ ഞങ്ങൾ ചെയ്തതാണ്. എന്നിട്ടും അന്ന് അവർ തയാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങൾ കുറുപ്പിന് െകാടുത്തു. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്.സിനിമ തിയറ്ററിനുള്ളതാണ്. അത് തിയറ്ററിൽ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കിൽ അവർ വിജയിപ്പിക്കും..’ വിജയകുമാർ പറയുന്നു.
Leave a Reply