ന്യൂസ് ഡെസ്ക് മലയാളം യുകെ
ചെൽട്ടൻഹാം: ഭക്ഷണ മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന നൂതന ആശയം നടപ്പിലാക്കി റെസ്റ്റോറന്റ് ഗ്രൂപ്പായ ജെഎം സോഷ്യൽസ്. ഹോളി കൗ, ഭൂമി കിച്ചൻ എന്നിവയുൾപ്പെടെയുള്ള ആറ് ഭക്ഷണശാലകളിൽ ഇത് നടപ്പിലാക്കി കഴിഞ്ഞു. പ്രകൃതിയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ആശയത്തിന് പിന്നിൽ ജെഎം സോഷ്യൽസിന്റെ സ്ഥാപകരായ മൈക്കൽ റാഫേൽ, ജയ് റഹ് മാൻ എന്നിവരാണ്. ഗ്ലൗസെസ്റ്റർഷെയറിലെ ഇൻഡിപെൻഡന്റ് റെസ്റ്റോറന്റ് ഗ്രൂപ്പാണ് ജെഎം സോഷ്യൽസ്. ചെൽട്ടൻഹാം ആസ്ഥാനമാക്കി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഭക്ഷണ മാലിന്യം മണ്ണിലേക്ക് തള്ളരുതെന്ന തീരുമാനത്തിൽ നിന്നാണ് ഹരിത സംരംഭത്തിലേക്ക് എത്തിയതെന്ന് സ്ഥാപകർ പ്രതികരിച്ചു.
ഭക്ഷണ മാലിന്യവും പുനരുപയോഗിക്കാനാവാത്ത പാക്കേജിംഗുമാണ് ഇപ്പോൾ വൈദ്യുതിയാക്കി മാറ്റുന്നത്. പുതിയ പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജെഎം സോഷ്യൽസ്, സാധാരണ പ്ലാസ്റ്റിക്കുകൾ, പേപ്പർ, ടിൻ എന്നിവയുടെ റീസൈക്ലിങ്ങും നടത്തി വരുന്നു. മാലിന്യ നിർമാർജന കമ്പനിയായ ഗ്രണ്ടണുമായി കൈകൊർത്താണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഹോളി കൗ, ഹോളി കൗലെസ്, ഹോളി ക്ലക്കർ, പൃഥ്വി, ബാവോ + ബിബിക്യു, ഭൂമി കിച്ചൻ എന്നീ ആറ് റെസ്റ്റോറന്റുകളാണ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളത്.
സീറോ ലാൻഡ്‌ഫില്ലിലേക്ക് മാറുകയെന്നതാണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് സ്ഥാപകരിൽ ഒരാളായ റാഫേൽ പറഞ്ഞു. പ്രകൃതിയ്ക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികൾ സമീപഭാവിയിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. തങ്ങൾ കാണിച്ച മാതൃക മറ്റുള്ളവരും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് റാഫേലും റഹ് മാനും. ഈ വർഷാവസാനത്തോടെ രണ്ട് റെസ്റ്റോറന്റുകൾ കൂടി തുറക്കാൻ ജെഎം സോഷ്യൽസ് പദ്ധതിയിടുന്നു; സിർക്കോ ബ്രസീറി ആൻഡ് ഫോർ ദി സെയിന്റ്‌സും, മോണ്ട്‌പെല്ലിയറിൽ എസ്‌പ്രെസോ ബാറും.
Leave a Reply