സ്വന്തം ലേഖകന്‍

ഇന്‍ഡോര്‍ : ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ നാലിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മെത്രാപ്പോലീത്തമാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു പൊതുസമ്മേളനം നടക്കും. പിറ്റേന്ന് സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടാകും. ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന തിരുക്കർമ്മങ്ങൾക്കായി മധ്യപ്രദേശിലെ ഇൻഡോറിനൊപ്പം കേരളവും തയാറെടുപ്പ് പൂർത്തിയാക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെയും എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ നവംബർ 11 നാണ് കേരളത്തിൽ സഭാതല ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ എറണാകുളത്ത് നടക്കും. എറണാകുളം – അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണു സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ പ്രേഷിത പ്രവര്‍ത്തനത്തിനിടെ 1995 ഫെബ്രുവരി 25 നാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. എഫ്‌സിസി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്റ്റര്‍ റാണി മരിയ.

വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘം പ്രീഫെക്ട് കർദിനാൾ ആഞ്ജലോ അമാത്തോയാണ് ഇൻഡോറിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുക. ദിവ്യബലിമധ്യേ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന ചടങ്ങും നിർവ്വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഇന്ത്യയിലെ നാലു കർദിനാൾമാർ ഉൾപ്പെടെ 100 ൽപ്പരം ബിഷപ്പുമാർക്കൊപ്പം സിസ്റ്ററിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും ഒ.എഫ്.എം കോൺഗ്രിഗേഷൻ അംഗവുമായ ഫാ. ജുവാൻ ജിസപ്പേ കാലിഫിനോ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദികർ സഹകാർമ്മികരാകും.

ഇൻഡോർ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കലിന്റെയും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ പ്രഖ്യാപന ചടങ്ങുകളുടെ ക്രമീകരണം പൂർത്തിയായി. സിസ്റ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗർ സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ നവംബർ മൂന്നിന് വൈകിട്ട് 5.00നും അഞ്ചിന് രാവിലെ 10.00നും പ്രാർത്ഥനാശുശ്രൂഷകൾ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിനായിരത്തോളം പേർ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇൻഡോറിലെ തിരുകർമ്മങ്ങളെ തുടർന്ന് സിസ്റ്ററുടെ തിരുശേഷിപ്പ് എറണാകുളം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ എത്തിക്കും. കേരള സഭാതല ആഘോഷത്തോട് അനുബന്ധിച്ച് നവംബർ 11ന് അർപ്പിക്കുന്ന തിരുക്കർമ്മങ്ങൾക്ക് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും.

വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനോടനുബന്ധിച്ച് പുല്ലുവഴിയിൽ ഒക്ടോബർ 10 മുതൽ നവംബർ 19 വരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ സിസ്റ്റർ റാണി മരിയ മ്യൂസിയത്തിൽ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലിൽ നിർവഹിക്കും.‘ സിസ്റ്റർ റാണി മരിയയുടെ ജീവിതവഴി ’ യിലൂടെ എന്ന വിഷയത്തിൽ സീറോ മലബാർ സഭ വക്താവും ഭരണങ്ങാനം സെന്റ് അൽഫോൻസ തീർഥാടനകേന്ദ്രം റെക്ടറുമായ റവ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ പ്രഭാഷണം നടത്തും.   നവംബർ 15നാണ് തിരുശേഷിപ്പ് പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ എത്തിക്കുന്നത്. 19 ന് ഉച്ചകഴിഞ്ഞ് 3.00ന് അർപ്പിക്കുന്ന  കൃതജ്ഞതാബലിയിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും.

ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ എഫ്രേം നരികുളം എന്നിവർ സഹകാർമ്മികരാകും. വൈകിട്ട് 5.00ന് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തിൽവെച്ച്  പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തെ മാർ ആലഞ്ചേരി തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ സന്നിഹിതരാകും.

മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തിലും എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കേരളസഭാതല ആഘോഷത്തിലും പുല്ലുവഴിയിൽനിന്ന് പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. രക്തസാക്ഷി പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍  അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള  സഹായങ്ങള്‍ ആവശ്യമുള്ളവര്‍  താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ബിഷപ്പ് അറിയിച്ചു.