ഒരിടവേളയ്ക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ഗോപിയെത്തുന്ന കാവൽ തീയേറ്ററുകളിൽ പ്രദർശനത്തിന്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്.
കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിൽ തിയറ്ററുകളെ ത്രസിപ്പിച്ച സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും. അന്ന് തിരക്കഥാകൃത്തിന്റെ റോളിലായിരുന്ന രൺജി പണിക്കർ സ്ക്രീനിൽ സുരേഷ് ഗോപിയ്ക്കൊപ്പം ചേരുമ്പോൾ, ചിത്രത്തിലെ ഒരു ഡയലോഗ് പോലെ തന്നെ, തങ്ങളിലെ കനൽ ഇനിയും കെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. ആക്ഷനും ഇമോഷനും സമാസമം ചേർത്ത് ‘കാവലി’ലൂടെ ഹിറ്റ് കൂട്ടുകെട്ടിനൊരു ട്രിബ്യൂട്ട് ഒരുക്കുകയാണ് ചിത്രം സംവിധാനം ചെയ്ത നിധിൻ രൺജി പണിക്കർ.
ഇടുക്കിയിലെ ഒരു മലയോര മേഖലയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വൻ തോട്ടമുടമകളുടെയും മുതലാളിമാരുടെയും ചൂഷണത്തിൽ ഞെരുങ്ങുന്ന സാധാരണക്കാരുടെ ആശ്രയമാണ് സുഹൃത്തുക്കളായ തമ്പാനും (സുരേഷ് ഗോപി) ആന്റണിയും (രഞ്ജി പണിക്കർ). അതവർക്ക് പണം കൊണ്ടും സ്വാധീനം കൊണ്ടും ശക്തരായ വേണ്ടുവോളം ശത്രുക്കളെയും സമ്പാദിച്ചു നൽകുന്നു. പോലീസ് കൂടി പണത്തിന്റെ പക്ഷം ചേരുന്നതോടെ തമ്പാന്റെയും ആന്റണിയുടെയും ജീവിതം കീഴ്മേൽ മറിയുന്നു.
മക്കളുടെ സുരക്ഷ പോലും ഉറപ്പാക്കാനാവാത്ത ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെയാണ് സിനിമയുടെ ആദ്യ പകുതി കടന്നുപോകുന്നത്. തമ്പാന്റെയും ആന്റണിയുടേയും മുൻകാലവും ഫ്ലാഷ്ബാക്കായി എത്തുന്നു. തമ്പാന്റെ തിരിച്ചുവരവ് രണ്ടാം പകുതിയെ കൂടുതൽ ചടുലമാക്കുന്നുണ്ട്. നിരവധി ഉപകഥകളുള്ള ചിത്രത്തിനൊടുവിൽ ചില അപ്രതീക്ഷിത വികാസങ്ങളും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്.
സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ഇരുവരും തിളങ്ങി. റേച്ചൽ ഡേവിഡ്, കിച്ചു ടെല്ലസ്, മുത്തുമണി, ശങ്കർ രാമകൃഷ്ണൻ, സാദിഖ്, ശ്രീജിത് രവി, ഇവാൻ അനിൽ, പോളി വിൽസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും എടുത്തുപറയണം.
‘കമ്മീഷണർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിരവധി റെഫറൻസുകളും ചിത്രത്തിൽ കാണാം. ‘കസബ’ എന്ന ആദ്യ ചിത്രത്തിൽ നിന്നും സംവിധായകനെന്ന നിലയിൽ താൻ ഒരുപാട് മുന്നോട്ടു പോയെന്ന് നിഥിൻ രഞ്ജി പണിക്കർ ‘കാവലി’ൽ അടിവരയിടുന്നു.
ദൃശ്യങ്ങളാണ് കാവലിന്റെ മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. ഹിൽ സ്റ്റേഷന്റെ ആകാശദൃശ്യങ്ങളും പ്രകാശവിന്യാസവും രാത്രിയും പകലും ഒരുപോലെ മികച്ചുനിന്നു. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതിൽ രഞ്ജിൻ രാജിന്റെ സംഗീതം വലിയ പങ്കു വഹിച്ചു. മൻസൂർ മുത്തുട്ടിയാണ് എഡിറ്റിങ്.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.
Leave a Reply