ന്യൂസ് ഡെസ്ക് മലയാളം യുകെ

ചത്തീസ് ഗഡ്‌ :- പൊക്കിൾ കൊടി പോലും മുറിക്കാതെ നവജാതശിശുവിനെ ഛത്തീസ് ഗഡിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രി മുഴുവനും കുഞ്ഞിനെ തണുപ്പകറ്റാൻ സംരക്ഷണമായത് നായ കുട്ടിയും കുഞ്ഞുങ്ങളും. കുഞ്ഞിനെ യാതൊരു വസ്ത്രങ്ങളുമില്ലാതെ, പൊക്കിൾ കൊടി പോലും മുറിക്കാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. ചൂടുപകരാനായി കുഞ്ഞിനു ചുറ്റും കൂടിയിരിക്കുന്ന നായ കുഞ്ഞുങ്ങളുടെ കാഴ്ച കണ്ട് നിന്നവർക്ക് ഹൃദയഭേദകമായിരുന്നു. നായ കുഞ്ഞുങ്ങളിൽ നിന്നും ലഭിച്ച ചൂടുകൊണ്ട് മാത്രമാകാം കുഞ്ഞ് രാത്രി മുഴുവനും ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞിൻെറ കരച്ചിൽ ശബ്ദം കേട്ട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചതായി സമീപവാസികൾ വ്യക്തമാക്കി. ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ തോന്നിയ മാതാപിതാക്കളുടെ മാനസികാവസ്ഥ തികച്ചും ക്രൂരമാണെന്ന് കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാരിൽ ഒരാൾ പറഞ്ഞു.


കുഞ്ഞിന് അകാൻഷാ എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയാൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ചത്തീസ് ഗഡ് ഡി ജി വ്യക്തമാക്കി.