ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : കെയർ ഏജൻസിയുടെ മറവിൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്ത മലയാളി യുവ ദമ്പതികൾ അറസ്റ്റിൽ. എറണാകുളം പുത്തന്‍കുരിശു സ്വദേശിയായ 31കാരനും ഭാര്യയുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ മോഡേണ്‍ സ്ലേവറി ആക്ട് 2015 പ്രകാരമുള്ള നിയമ നടപടികള്‍ ഇവർ നേരിടേണ്ടി വരും. ഗ്യാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ്‌ അതോറിറ്റിയും നോർത്ത് വെയിൽസ് പോലീസും ചേർന്ന് ഡിസംബർ 16ന് അബാർഗെയിലിൽ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. കെയര്‍ ഹോമുകളിലേക്കു കെയര്‍ അസിസ്റ്റന്റുമാരായി വിദ്യാര്‍ത്ഥികളെ നല്‍കിയ ദമ്പതികള്‍ അവർക്ക് മോശം താമസ സൗകര്യമാണ് ഒരുക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒമ്പത് മലയാളി വിദ്യാർത്ഥികളെ തൊഴിലിന്റെ പേരിൽ ഇവർ ചൂഷണം ചെയ്‌തെന്ന് പോലീസ് വ്യക്തമാക്കി. മലയാളി ദമ്പതികളുടെ ഹീനമായ പ്രവൃത്തിയെ ‘ആധുനിക അടിമകച്ചവടം’ എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. മതിയായ ഭക്ഷണം ലഭിക്കാതെ, ഇടുങ്ങിയ മുറിയിലാണ് വിദ്യാർത്ഥികൾ കഴിഞ്ഞിരുന്നത്. വൃത്തിഹീനമായ മുറിയിലെ തറയിൽ കിടന്നാണ് വിദ്യാർത്ഥികൾ ഉറങ്ങിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭക്ഷണത്തിനായി ജീവകാരുണ്യ സംഘടനകളെയാണ് അവർ ആശ്രയിച്ചത്. തങ്ങളുടെ ജീവനക്കാർ ഏതു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന കെയര്‍ ഹോം മാനേജ്മെന്റിന്റെ അന്വേഷണമാണ് ഈ കേസിലേക്കുള്ള വഴി തുറന്നത്.

ആറു കെയര്‍ ഹോമുകള്‍ക്കു വേണ്ടിയാണു താത്കാലിക ജീവനക്കാരായി വിദ്യാര്‍ത്ഥികളെ നൽകിയിരുന്നത്. യുകെയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഇരുപത് മണിക്കൂർ ജോലിയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ കൂടുതൽ സമയം തങ്ങൾ ജോലി ചെയ്തുവെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ചൂഷണത്തിനിരയായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അതോറിറ്റി അറിയിച്ചു. സംഭവം ദേശീയ പ്രാധാന്യം നേടിയതോടെ വരും ദിവസങ്ങളിൽ ശക്തമായ അന്വേഷണം ഉണ്ടായേക്കും.