ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ജൂലൈ 29 മുതൽ ഓഗസ്റ്റ് 8 വരെ ബിർമിങ്ഹാമിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി വിദ്യാർത്ഥിയായ റയോൺ സ്റ്റീഫൻ. കണ്ണൂർ സ്വദേശിയായ റയോൺ 2021ൽ ബർമിങ്ഹാമിലെ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണ് എത്തിയത്. ഗെയിംസിനോട് അനുബന്ധിച്ച് നിരവധി അവസരങ്ങൾ തുറന്നു ലഭിക്കുമെന്നുള്ളത് ആസ്റ്റൺ യൂണിവേഴ്സിറ്റി തന്നെ തിരഞ്ഞെടുക്കുവാൻ തനിക്കൊരു കാരണമായിരുന്നുവെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പഠനത്തിനിടയിലാണ്, കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെയും, സമാപന ചടങ്ങിന്റെയും ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായുള്ള ഓഡിഷനെ സംബന്ധിക്കുന്ന വാർത്ത താൻ കാണുവാൻ ഇടയായതെന്ന് റയോൺ പറഞ്ഞു. നൃത്തത്തോട് പ്രത്യേകമൊരു അഭിനിവേശം ഉള്ളതിനാൽ തന്നെ, ഏപ്രിൽ ഒന്നിന് നടന്ന ഒഡീഷനിൽ റയോൺ ആദ്യം തന്നെ പങ്കാളിയായി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലാണ് റയോൺ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന്റെ മൂന്നുവർഷക്കാലത്തും യൂണിവേഴ്സിറ്റി ഡാൻസ് ടീമിന്റെ ഭാഗമാകുവാൻ തനിക്ക് സാധിച്ചതായി റയോൺ പറഞ്ഞു.

ചെന്നൈയിൽ വച്ച് നടന്ന നാഷണൽ കോമ്പറ്റീഷനുകളിൽ താനടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത് ഒഡീഷനിൽ പങ്കെടുക്കാൻ കൂടുതൽ ആത്മവിശ്വാസം തന്നതായി റയോൺ പറഞ്ഞു. വളരെ കൃത്യമായ രീതിയിൽ, ശരീര അളവുകൾ പോലും എടുത്താണ് ഓഡിഷൻ നടത്തിയത്. ഓഡിഷന് ശേഷം ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് റിസൾട്ട് പ്രഖ്യാപിച്ചത് . തിരഞ്ഞെടുക്കപ്പെട്ടു എന്ന മെയിൽ ലഭിച്ചപ്പോൾ തനിക്ക് വളരെയധികം സന്തോഷം ഉണ്ടായതായി റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ജൂൺ, ജൂലൈ മാസങ്ങൾ പൂർണമായും പരിശീലന കാലഘട്ടങ്ങൾ ആയിരുന്നു. വിവിധ പ്രോപ്പുകൾ ഉപയോഗിച്ചുള്ള തങ്ങളുടെ ഭാഗത്തിൽ, ലോകത്തിൽ ആദ്യമായി വെർമിങ്‌ഹാമിൽ വച്ച് നിർമ്മിക്കപ്പെട്ട ഇലക്ട്രിക് ഹോണിന്റെ മാതൃകയായിരുന്നു തങ്ങൾക്ക് ലഭിച്ചതെന്ന് റയോൺ പറഞ്ഞു. ബർമിങ്‌ഹാമിൽ എൻജിനീയർ ആയിരുന്ന ഒലിവർ ലൂക്കസ് 1910 ലാണ് ലോകത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഇലക്ട്രിക് ഹോൺ നിർമ്മിച്ചത്. അതിനാൽ തന്നെ ബെർമിങ്‌ഹാമിന്റെ ചരിത്രം വിളിച്ചോതുന്ന ഒരു പരിപാടിയുടെ ഭാഗമായാണ് താൻ മാറിയതെന്നും റയോൺ വ്യക്തമാക്കി. തന്റെ ടീമിൽ താൻ മാത്രമായിരുന്നു ഏക ഇന്ത്യൻ പൗരനെന്നും, ജർമ്മനി, സ്പെയിൻ, ലാറ്റ് വിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ടീമിൽ ഉണ്ടായിരുന്നത് റയോൺസിന് പുതിയൊരു അനുഭവമായിരുന്നു.

ഈ പരിശീലനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങും സമാപനച്ചടങ്ങും കൈകാര്യം ചെയ്യുന്ന ബിർമിങ്ഹാം സെറിമണിസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഓപ്പറേഷൻസ് കോഡിനേറ്റർ എന്ന തസ്തികയിലെ ഒഴിവിലേക്ക് റയോൺസിന് അപേക്ഷിക്കാൻ സാധിച്ചത് . വിവിധ ജോലികൾക്കായി അപ്ലൈ ചെയ്യുന്നതിനിടയിലാണ് ഇത്തരം ഒരു അവസരം കണ്ടത്. ഇന്റർവ്യൂവിൽ നന്നായി തന്നെ പങ്കെടുത്തതിൻെറ ഫലമായി ജൂൺ ആദ്യ ആഴ്ച തന്നെ ജോലിക്ക് കയറുവാൻ സാധിച്ചതായും റയോൺ പറഞ്ഞു. ഗെയിംസ് നടക്കുന്ന അലക്സാണ്ടർ സ്റ്റേഡിയത്തിലും , ലോങ്ങ്‌ബ്രിഡ്ജിലും ആയിരുന്നു ജോലിയുടെ പ്രധാന മേഖലകൾ. ക്ലീനിങ്, കേറ്ററിംഗ് തുടങ്ങിയ മേഖലകളുടെ മേൽനോട്ടം ആയിരുന്നു ജോലിയുടെ ഭാഗമായി ഉണ്ടായിരുന്നത്. മത്സരാർത്ഥികളുടെ വിവിധമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാൻ സാധിച്ചതിലൂടെ പല സമയങ്ങളിലും അവരുമായി ആശയവിനിമയത്തിനുള്ള അസുലഭ അവസരമാണ് റയോൺസിന് ലഭിച്ചത്.

കണ്ണൂർ ജില്ലയിലെ വയാട്ടുപറമ്പാണ് റയോൺ സ്റ്റീഫന്റെ സ്വദേശം. പള്ളിത്തറയിൽ സാബു സ്റ്റീഫന്റെയും ബീന റോസിന്റെയും രണ്ടാമത്തെ മകനാണ് റയോൺ. മൂന്ന് സഹോദരങ്ങളാണ് റയോണിനുള്ളത്. സാൻജി സ്റ്റീഫൻ, ആൽവസ് സ്റ്റീഫൻ, സിൽവാന സ്റ്റീഫൻ എന്നിവർ റയോണിനു ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ദൂരെയാണെങ്കിലും തന്റെ കുടുംബത്തിന്റ മാനസിക പിന്തുണ തന്റെ വിജയത്തിന്റെ അടിത്തറ ആണെന്ന് റയോൺ പറഞ്ഞു. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.