ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിയുടെ ചരിത്രത്തിൽ ആദ്യമായി യുകെയിലെ കോവിഡ് കേസുകളുടെ എണ്ണം 100000 കവിഞ്ഞു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 106,122 ആണ് . ചൊവ്വാഴ്ച വരെ 8008 ആളുകൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് നവംബർ 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഇതിനിടെ വൈറസിന്റെ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ വേഗത്തിൽ വ്യാപിക്കുമെങ്കിലും ആരോഗ്യ പ്രത്യാഘാതങ്ങൾ കുറവാണെന്ന പഠനങ്ങൾ പുറത്തുവന്നു . അതുകൊണ്ടുതന്നെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ പിടിപെടുന്നവരിൽ ആശുപത്രിവാസം വേണ്ടി വരില്ലന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒമിക്രോൺ മൂലമുള്ള ആശുപത്രിവാസം 30% മുതൽ 70 % വരെ കുറവുണ്ടാകുമെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഇതിനിടെ ഇംഗ്ലണ്ടിലെ ഒറ്റപ്പെടലിന്റെ കാലാവധി 10 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി കുറച്ചു . ക്വാറന്റീൻ കാലാവധി കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ സുഗമമായ നടത്തിപ്പിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാറന്റീൻ കാലാവധിയുടെ ഓരോ ഏഴാം ദിവസം നടത്തുന്ന ലാറ്ററൽ ഫ്ലോ പരിശോധനാഫലം നെഗറ്റീവ് ആയാൽ കോവിഡ് ബാധിതർക്ക് നേരത്തെ ഐസോലേഷൻ വിടാമെന്നാണ് സാജിദ് ജാവിദ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ആളുകളുടെ ദൈനംദിന ജീവിതം കൂടുതൽ സുഗമമാക്കുന്നതിന് ഇത് ഉപയോഗിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എന്നാൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത കോവിഡ് ബാധിതർക്ക് പുതിയ നിർദ്ദേശങ്ങൾ ബാധകമല്ല. ഈ വിഭാഗത്തിൽപ്പെട്ടവർ 10 ദിവസം തന്നെ സ്വയം ഒറ്റപ്പെടലിന് വിധേയമാകേണ്ടതാണ്.