ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കടുംപിടിത്തം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതികള്‍ അമിത ആത്മവിശ്വാസം മൂലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തകര്‍ത്തു കളഞ്ഞ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബറുമായി ചര്‍ച്ച നടത്തി. തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരാനുള്ള സാധ്യത നിലനില്‍ക്കെ സോഫ്റ്റ് ബ്രെക്‌സിറ്റിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം പെരുകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ച. സോഫ്റ്റ് ബ്രെക്‌സിറ്റ് ലേബറിന്റെ പ്രഖ്യാപിത നയമാണ്. അതേസമയം ടോറികളില്‍ ഒരു പക്ഷവും ഈ നിലപാടുള്ളവരാണെന്നതാണ് മേയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ മേയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പോടെ സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവ് റൂത്ത് ഡേവിഡ്‌സണിന്റെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. 13 ടോറി എംപിമാരാണ് ഡേവിഡ്‌സണിന്റെ ഒപ്പമുള്ളത്. ഒരു ടോറി ബ്രെക്‌സിറ്റ് ആയിരിക്കില്ല വരുന്നതെന്ന് ഇവര്‍ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ച കടുത്ത നിലപാടുകലില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പിന്നോട്ട് പോകും എന്നു തന്നെയാണ് നിഗമനം.

മുന്‍ ചാന്‍സലറും ടോറി നേതാവുമായ ജോര്‍ജ് ഓസ്‌ബോണ്‍ പത്രാധിപരായ ദി ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ്, ഡെയ്‌ലി ടെലിഗ്രാഫ് എന്നീ പത്രങ്ങള്‍ കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ ലേബറുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങള്‍ ബലികഴിക്കാത്ത വിധത്തിലുള്ള ഒരു സോഫ്റ്റ് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് ചര്‍ച്ചകള്‍ എന്നാണ് വിവരം.