നാടിനെ കണ്ണീരിലാഴ്ത്തിയ ആ വേർപാടിന്റെ നൊമ്പരം മറക്കാം; വിവാഹ വായ്പ ശരിയാകാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട്‌ വിപിന്റെ വീട്ടിൽ നിന്നൊരു ആശ്വാസ വാർത്ത. സഹോദരി വിദ്യയുടെ വിവാഹം നാളെ പാറമേക്കാവ് അമ്പലത്തിൽ നടക്കും. നഷ്ടപ്പെടലിന്റെ നൊമ്പരത്തിലും ഈ കുടുംബത്തെ ചേർത്തുപിടിച്ച ഒരുപിടി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30നും ഒൻപതിനുമിടയിൽ വരൻ നിധിൻ വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തും.

തുടർന്നു വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കു പോകും. ജനുവരി പകുതിയോടെ നിധിൻ ജോലിക്കായി വിദേശത്തേക്കു മടങ്ങും. അധികം വൈകാതെ വിദ്യയെയും കൊണ്ടുപോകും. 12നു നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണു മുടങ്ങിയത്. മരണത്തിന്റെ 16നുശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യൻ നിർദേശിച്ചതിനെത്തുടർന്ന് അതിനുശേഷമുള്ള ആദ്യ മുഹൂർത്തമെന്ന നിലയിലാണു നാളെ വിവാഹം നടത്തുന്നത്.

രണ്ടു വർഷത്തിലേറെയായി ഇഷ്ടത്തിലാണു നിധിനും വിദ്യയും. സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്നു പണം കിട്ടാതെ വരികയായിരുന്നു. സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല. അങ്ങനെയൊരു കരുതലിന്റെ കൈ പിടിക്കുകയാണു നാളെ വിദ്യ.